ജലനിരപ്പ് ഉയരുന്നു; ഷോളയാര്‍ ഡാം തുറക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി
Kerala News
ജലനിരപ്പ് ഉയരുന്നു; ഷോളയാര്‍ ഡാം തുറക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 5:13 pm

തൃശൂര്‍: ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. നിലവില്‍ ജലനിരപ്പ് 2662.75 മീറ്ററായതിനെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.

ഡാമിന്റെ ഒന്നാം നമ്പര്‍ റേഡിയല്‍ ഗേറ്റ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഒരടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ 25 ക്യുമെക്സ് ജലം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകും.

ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 2663 അടിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഡാമില്‍ സംഭരണ ശേഷിയുടെ 99.50 ശതമാനം വെള്ളമുണ്ട്.

അതേസമയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ തോതില്‍ മഴയും പെയ്യുന്നുണ്ട്.

സംസ്ഥാനത്ത് അടുത്ത ഞായറാഴ്ചവരെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, വെള്ളിയാഴ്ച കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും ഞായറാഴ്ച കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കനത്തമഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളതിനാല്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  sholayar dam opens wednesday