ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ സംഭവം: അഭിഭാഷകനെതിരെ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി
India
ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ സംഭവം: അഭിഭാഷകനെതിരെ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 12:06 pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ അഭിഭാഷകനെതിരെ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി. അഭിഭാഷകനായ രാകേഷ് ശര്‍മയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന്  നടപടിയെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെടുത്തത്.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തീരുമാനം. ഹരജി ദീപാവലിക്ക് ശേഷം പരിഗണിക്കാനായി മാറ്റിവെച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. അഡ്വക്കേറ്റ് ആക്ട് പ്രകാരം പരിഗണിച്ചാലും അഭിഭാഷകന്‍ ചെയ്തത് വലിയ കുറ്റകൃത്യമാണ്.

കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചത്.

‘തെറ്റ് ചെയ്ത അഭിഭാഷകന്‍ ഇതുവരെയും ഖേദം പ്രകടിപ്പിച്ചിട്ടില്ല. തെറ്റ് പറ്റിയെന്ന് സമ്മതിച്ചിട്ടില്ല. ഇപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്’, സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, ഈ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെ കോടതി വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.

എന്നാല്‍ സോഷ്യല്‍മീഡിയ വഴി ഇപ്പോഴും ഷൂ എറിഞ്ഞ സംഭവത്തെ ന്യായീകരിക്കുന്ന വാദങ്ങള്‍ ഉയരുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.

Content Highlight: Shoe thrown at Chief Justice: Attorney General’s approval for action against lawyer