ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്കും മറ്റ് സാമൂഹിക പഠനകേന്ദ്രങ്ങള്‍ക്കും ഇക്കഴിഞ്ഞ ദശാബ്ദ കാലത്ത് വലിയ തകര്‍ച്ചയുണ്ടായെന്ന് ചരിത്രകാരി റോമില ഥാപ്പര്‍. പഠനകേന്ദ്രങ്ങളുമായി ബന്ധമുള്ളവര്‍ ഈ നശീകരണത്തിന്റെ ഞെട്ടലിലാണെന്നും ഥാപ്പര്‍ കപില വാത്സ്യന്‍ മെമ്മോറിയല്‍ ലെക്ചറില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
ജെ.എന്‍.യുവിന്റെ അക്കാദമിക നിലവാരം കാത്തുസൂക്ഷിക്കുന്നത് അങ്ങേയറ്റം പ്രശ്‌നാത്മകമായി തീര്‍ന്നിരിക്കുകയാണെന്നും ഥാപ്പര്‍ പറഞ്ഞു.
ജെ.എന്‍.യുവിന്റെ അക്കാദമിക നിലവാരം കാത്തുസൂക്ഷിക്കുന്നത് അങ്ങേയറ്റം പ്രശ്‌നാത്മകമായി തീര്‍ന്നിരിക്കുകയാണെന്നും ഥാപ്പര്‍ പറഞ്ഞു. നിലവാരമില്ലാത്ത ഫാക്കല്‍റ്റികളെ നിയമിച്ചതും, സിലബസുകള്‍ തീരുമാനിക്കാന്‍ പ്രൊഫഷണലല്ലാത്തവരെ ഏല്‍പ്പിച്ചതും, നിലവിലുളള പ്രൊഫസര്‍മാരെ പിന്തിരിപ്പിച്ചതും, സ്വതന്ത്രമായ ഗവേഷണത്തെ തടസപ്പെടുത്തിയതുമൊക്കെയാണ് ഈ ജീര്‍ണതയിലേക്ക് വഴിവെച്ചതെന്ന് ഥാപ്പര്‍ വിശദീകരിച്ചു. ഈ നശീകരണം ജെ.എന്‍.യുവിന് മാത്രമല്ല സംഭവിച്ചിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2020ല്‍ ജെ.എന്‍.യു ക്യാമ്പസിനകത്ത് കയറി ഒരുപറ്റം ആളുകള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പരിക്കേറ്റിരുന്നു. ഇതൊക്കെ അക്കാദമിക മെക്കാനിസത്തിനും അപ്പുറമാണെന്നും ചരിത്രകാരി വിമര്‍ശിച്ചു.
വിദ്യാഭ്യാസത്തിന് മേലുള്ള രാഷ്ട്രീയ നിയന്ത്രണം ബൗദ്ധിക സര്‍ഗാത്മകതയെ മൗനത്തിലാക്കും. അധികാര കേന്ദ്രങ്ങളെ വിമര്‍ശിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ ആറ് വര്‍ഷത്തോളം പലരേയും തടവിലിട്ടിരിക്കുകയാണ്’, ഉമര്‍ ഖാലിദിന്റെ പേര് പരാമര്‍ശിക്കാതെ അറസ്റ്റിനെ കുറിച്ച് റോമില ഥാപ്പര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിന് സ്വതന്ത്രചിന്ത ആവശ്യമാണ്. ഇപ്പോഴുള്ള നിയന്ത്രണം ബൗദ്ധിക വിരുദ്ധതയാണ്. വാക്കുകളെ നിശബ്ദമാക്കിയാലും ചിന്തയെ നിയന്ത്രിക്കാനാകില്ലെന്നും റോമില ഥാപ്പര്‍ അഭിപ്രായപ്പെട്ടു.
1970കളില്‍ ജെ.എന്‍.യുവിന്റെ രൂപീകരണത്തില്‍ പങ്കെടുത്ത തന്നെ പോലുള്ളവര്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടുണ്ടായ ഈ ജീര്‍ണത ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ജെ.എന്‍.യുവിനെ മാത്രമല്ല, രാജ്യത്തെ പ്രശസ്തമായ മറ്റ് പല പഠനകേന്ദ്രങ്ങളെയും സമാനമായ ജീര്‍ണത ബാധിച്ചിരിക്കുകയാണ്. ലോകം തന്നെ ആദരിക്കുന്ന ജെ.എന്‍.യു പോലെയുള്ള ഒരു സര്‍വകലാശാല സ്ഥാപിക്കാനായതില്‍ അഭിമാനിക്കാനാകുമെന്നും റോമില ഥാപ്പര്‍ പറഞ്ഞു.
കൊളോണിയല്‍ സിദ്ധാന്തമായ ആര്യവംശത്തിന്റെ ഔന്നിത്യവും ദ്വിരാഷ്ട്ര സിദ്ധാന്തവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ചരിത്ര പഠനത്തിന്റെ ഹിന്ദുത്വ പതിപ്പ്. ഇത് ഹിന്ദു രാഷ്ട്രത്തിലേക്ക് മടങ്ങുന്നതാണ് യഥാര്‍ത്ഥ ഭാവിയെന്ന് വാദിക്കുന്നു.
എന്നാല്‍, ഇന്ത്യയെ പോലെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തിന് ഇത്തരത്തില്‍ ഒരൊറ്റ ഏകീകൃത പൈതൃകമെന്ന വാദത്തിലേക്ക് പരിമിതപ്പെടാനാകുമോയെന്നും റോമിലാ ഥാപ്പര്‍ ചോദിച്ചു. ഈ വാദം ജാതി ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പഠിപ്പിക്കുകയും വായിക്കുകയും ചെയ്യുന്ന ചരിത്രം വിശ്വസനീയമായിരിക്കണം. അതില്‍ രാഷ്ട്രീയമുള്‍പ്പടെയുള്ളവ കൃത്രിമം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
വിദ്യാഭ്യാസം നിര്‍ണായകമാണ് ഈ ഘട്ടത്തിലെല്ലാം. ചോദ്യങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന, കഴിവുള്ളവ അധ്യാപകരാണ് വേണ്ടത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ മനസിലാക്കാനും ചോദ്യം ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണമെന്നില്ലെന്നും റോമില ഥാപ്പര്‍ പറഞ്ഞു.
Content Highlight: Shocked by the decimation of JNU in the last decade: Romila Thapar