തിരുവനന്തപുരം: കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്സ് സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിനനുസരിച്ച് നീങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന് നോട്ടീസ് അയക്കുമെന്നും എ.ഇ.ഒയില്‍ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
നോട്ടീസിന് മൂന്ന് ദിവസത്തിനുള്ളില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് രേഖാമൂലം മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതല്ല. മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം മാനേജ്‌മെന്റ് ഗൗരവമായി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തിര സഹായമായി മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നാല് പഞ്ചായത്തുകളുടെ പ്രതിനിധികള്‍ അടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. ഇവര്‍ വൈദ്യുതി ലൈനിന്റെ അപകട സാധ്യത അധികൃതരെ ബോധ്യപ്പെടുത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ പി.ടി.എ പുനഃസംഘടിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് മുഖേന മിഥുന്റെ വീട് നിര്‍മിച്ച് നല്‍കുമെന്നും മിഥുന്റെ അനുജന് പ്ലസ് ടു വരെ പരീക്ഷ ഫീസ് ഒഴിവാക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ട് മണിക്ക് എ.ഇ.ഒ, ഡി.ഇ.ഒമാരുടെ അടിയന്തിര യോഗം ചേരുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്.
ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിലേക്കാണ് കുട്ടി കയറാന്‍ ശ്രമിച്ചത്. ഈ ഷെഡിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ചെരുപ്പെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം ഷെഡിന് മുകളിലേക്ക് കയറിയ കുട്ടിക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
Content Highlight: Student dies of shock in kollam; Headmistress to be suspended