ആ നടിയോടൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ പരിഭ്രമിച്ചു എന്ന് തോന്നിയിട്ടുണ്ട്: ഷോബി തിലകന്‍
Film News
ആ നടിയോടൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ പരിഭ്രമിച്ചു എന്ന് തോന്നിയിട്ടുണ്ട്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 11:00 pm

അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് തിലകന്‍. മരണ ശേഷവും അദ്ദേഹത്തിന് പകരമാവാന്‍ ഒരാള്‍ വന്നിട്ടില്ല. തിലകനെ ഓര്‍മിക്കുമ്പോള്‍ അച്ഛന്‍ വേഷങ്ങളാണ് ഓര്‍മയില്‍ വരികയുള്ളൂവെങ്കിലും വില്ലത്തരവും ഹാസ്യ വേഷങ്ങളും അദ്ദേഹം അനായാസം ചെയ്തിട്ടുണ്ട്.

മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ അല്പം ബുദ്ധിമുട്ടുള്ള തിലകന്‍ അസാധ്യ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്ന് പറയുകയാണ് ഷോബി തിലകന്‍.

മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്നും ഷോബി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പറഞ്ഞത്.

‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.

മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു,’ ഷോബി പറഞ്ഞു.

ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് ദുല്‍ഖറിനെയും തിലകന്‍ പ്രശംസിച്ചു എന്ന് ഷോബി പറഞ്ഞു.

‘ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ഞാന്‍ വെറുതേ അച്ഛനോട് ചോദിച്ചു ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്.

ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തില്‍ ഈ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നത്,’ ഷോബി കൂട്ടിച്ചേര്‍ത്തു.

Content Highlight: Shobi thilakan  said that thilakan felt nervous when he acted with Manju warrier