ദൃഢം ചെയ്യുമ്പോള്‍ മനസില്‍ 'കിരീട'ത്തിലെ അച്യുതന്‍ നായരായിരുന്നു; പലര്‍ക്കും അച്ഛനെ തോന്നിയത് അതുകൊണ്ടാണ്: ഷോബി തിലകന്‍
Movie Day
ദൃഢം ചെയ്യുമ്പോള്‍ മനസില്‍ 'കിരീട'ത്തിലെ അച്യുതന്‍ നായരായിരുന്നു; പലര്‍ക്കും അച്ഛനെ തോന്നിയത് അതുകൊണ്ടാണ്: ഷോബി തിലകന്‍
ആര്യ. പി
Friday, 3rd July 2026, 7:31 pm

തന്റെ പുതിയ ചിത്രമായ ‘ദൃഢം’ സിനിമയിലെ പൊലീസ് കഥാപാത്രത്തെക്കുറിച്ചും, അച്ഛന്‍ തിലകന്റെ അഭിനയ ശൈലി തന്നെ സ്വാധീനിച്ചതിനെക്കുറിച്ചുമൊക്കെ മനസ്സ് തുറന്ന് നടന്‍ ഷോബി തിലകന്‍. ‘ദൃഢം’ സിനിമ കണ്ടവരെല്ലാം തനിക്ക് അച്ഛന്റെ മാനറിസങ്ങളുണ്ടെന്ന് പറഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

‘ദൃഢം സിനിമയില്‍ ഞാന്‍ ഒരു എ.എസ്.ഐ ആണ്. നാട്ടുമ്പുറത്തെ ഒരു പൊലീസ് സ്റ്റേഷന്‍, അവിടെ എസ്.ഐയോ ഡി.വൈ.എസ്.പിയോ ഒന്നുമില്ല. ചെറിയ പോക്കറ്റടിയും അതിര്‍ത്തി തര്‍ക്കവുമൊക്കെ കൈകാര്യം ചെയ്ത് നാട്ടുകാരുമായി ഇടപെട്ടുനില്‍ക്കുന്ന, അവിടുത്തെ ഓള്‍ ഇന്‍ ഓള്‍ ആയ ഒരു കഥാപാത്രമാണത്.

നമ്മള്‍ സിനിമയിലും ജീവിതത്തിലും ഒരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഈ കഥാപാത്രത്തെ കണക്റ്റ് ചെയ്യാന്‍ സാധിച്ചത് ‘കിരീടം’ സിനിമയിലെ അച്ഛന്റെ അച്ചുതന്‍ നായരുമായാണ്. സ്വന്തം മകന്‍ കുറ്റം ചെയ്താലും അവനെ റിജക്റ്റഡ് എന്ന് പറഞ്ഞ് ഒപ്പിട്ടുകൊടുക്കുന്ന, വളരെ ജെനുവിനായ ഒരു പൊലീസുകാരനായിരുന്നു അദ്ദേഹം.

‘ദൃഢം’ എന്ന സിനിമയിലേക്ക് വന്നപ്പോള്‍ എന്റെ കഥാപാത്രത്തിന് അച്ചുതന്‍ നായരുമായി സാമ്യമുള്ള ചില സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ സീനുകളില്‍ അഭിനയിക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ അച്ഛനായിരുന്നു. എന്റെ ആദ്യ സീനുകളിലൊക്കെ എവിടെയൊക്കെയോ അച്ഛന്‍ കയറി വന്നതും അതുകൊണ്ടായിരിക്കാം.

ഇപ്പോള്‍ പടം കാണുമ്പോള്‍ എല്ലാവരും പറയുന്നത് ‘കിരീട’ത്തിലെ തിലകന്‍ ചേട്ടനെ ഓര്‍മ്മ വന്നു എന്നാണ്. അച്ഛന്റെ നോട്ടവും മൂവ്‌മെന്റുമൊക്കെ വന്നിട്ടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. അതൊക്കെ അച്ഛന്റെ കൂടെയുള്ള യാത്രകളില്‍ നിന്ന് എനിക്ക് കിട്ടിയ മുതല്‍ക്കൂട്ടാണ്,’ ഷോബി തിലകന്‍ പറഞ്ഞു.

‘ഉസ്താദ് ഹോട്ടല്‍’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛനും താനും കൂടി സൗദിയില്‍ പോയ ഒരു ഓര്‍മ്മയും ഷോബി പങ്കുവെച്ചു. ‘ഞാന്‍ ചുമ്മാ ഒരു കൗതുകത്തിന് അച്ഛനോട് ചോദിച്ചു, ‘ദുല്‍ഖര്‍ എങ്ങനെയുണ്ട്?’ എന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, ‘ആ, അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ അവന്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നുണ്ട്, നന്നായിട്ട് ചെയ്യുന്നുണ്ട്’ എന്നാണ്.

സാധാരണ അച്ഛന്റെ വായില്‍ നിന്ന് അങ്ങനെ ഒരു വാക്ക് കേള്‍ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അച്ഛന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുക എന്ന് പറഞ്ഞാല്‍ അത്രയും വലിയ പാടാണ്.’ ഷോബി തിലകന്‍ പറഞ്ഞു.

ഷോബി തിലകന്‍ Photo: One 2 Talks

തനിക്ക് ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ അച്ഛനെ വിളിച്ച് വിവരം പറഞ്ഞതിനെക്കുറിച്ചും ഷോബി ഓര്‍ത്തെടുത്തു. ‘അച്ഛാ, ഈ വര്‍ഷത്തെ അവാര്‍ഡ് എനിക്കാണ് എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. ‘ആ…’ എന്നൊരു മൂളല്‍ മാത്രമായിരുന്നു അപ്പുറത്തുനിന്നുണ്ടായ മറുപടി. ‘കൊള്ളാടാ’ എന്നോ ‘കണ്‍ഗ്രാജുലേഷന്‍സ്’ എന്നോ ഒന്നുമില്ല. വെറുമൊരു മൂളല്‍ മാത്രം. പക്ഷേ ആ ‘ആ’ എന്ന് പറഞ്ഞതിലുണ്ട് എല്ലാം. അത് അച്ഛന്റെ മനസ്സിലുണ്ടായിരുന്നു, പുള്ളി കൂടുതല്‍ എക്‌സ്പ്രസീവ് ആകില്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായി,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: Shobi Thilakan about Kireedam and Thilakan Character

 

ആര്യ. പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.