എന്റെ അഭിനയത്തില്‍ തിലകന്‍ വന്നാല്‍ മൈനസല്ല, പക്ഷെ മമ്മൂട്ടി വന്നാല്‍ അതെനിക്ക് മൈനസാണ്: ഷോബി തിലകന്‍
Entertainment news
എന്റെ അഭിനയത്തില്‍ തിലകന്‍ വന്നാല്‍ മൈനസല്ല, പക്ഷെ മമ്മൂട്ടി വന്നാല്‍ അതെനിക്ക് മൈനസാണ്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 10:51 am

അച്ഛന്‍ കാരണമാണ് താന്‍ മിമിക്രി ഉപേക്ഷിച്ചതെന്ന് നടന്‍ ഷോബി തിലകന്‍. മിമിക്രിയും, ഡബ്ബിങ്ങും ഒരുമിച്ച് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണെന്നും, അത് നമ്മുടെ അഭിനയ രീതിയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം അച്ഛന്‍ തന്ന ഉപദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

‘ഡബ്ബിങ് എന്ന മേഖലയിലേക്ക് വന്നപ്പോള്‍ മിമിക്രി പൂര്‍ണ്ണമായി സ്റ്റോപ്പ് ചെയ്തു. പിന്നെ മിമിക്രി ചെയ്തിട്ടില്ല. മിമിക്രി നിര്‍ത്താനുള്ള ഒരു കാരണം അച്ഛനാണ്. അഭിനയത്തില്‍ എന്തെങ്കിലും ആവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മിമിക്രി ഉപേക്ഷിക്കണമെന്ന് അച്ഛനാണ് പറഞ്ഞത്.

മിമിക്രി മറ്റൊരാളെ അനുകരിക്കലാണ്. സ്വാഭാവികമായും അഭിനയിക്കുന്ന സമയത്ത് അനുകരിക്കുന്ന നടന്മാരുടെ മാനറിസം കൂടെ കേറി വരും. അപ്പോള്‍ നീ നീയല്ലാതായി മാറും. പല സിറ്റുവേഷനിലും ആ ആര്‍ട്ടിസ്റ്റ് അഭിനയിച്ച രീതി ഓര്‍ത്ത് വെച്ച് അഭിനയിക്കുമെന്നും അച്ഛന്‍ പറഞ്ഞു.

എന്റെ അഭിനയത്തില്‍ പലപ്പോഴും തിലകന്‍ ചേട്ടന്‍ കയറി വരുന്നുണ്ടെന്ന് പൊതുവേ പറയാറുണ്ട്. അത് അച്ഛന്റെ ഒരു സ്വാധീനം നമ്മളിലുള്ളത് കൊണ്ടാണ്.

അതൊരു മൈനസല്ല. പക്ഷെ ഞാന്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടി കയറി വന്നാല്‍ അതെനിക്ക് മൈനസാണ്. ഇപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ അനുകരിക്കുന്നു അല്ലേല്‍ ബാലചന്ദ്രമേനോനെ അനുകരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് പ്രശ്‌നമാണ്.

സിനിമയിലെത്തിയ പല മിമിക്രി ആര്‍ട്ടിസ്റ്റുകളെയും നോക്കിയാല്‍ നമുക്കിത് മനസിലാവും. പല സിറ്റുവേഷനിലും മറ്റ് പല നടന്മാരും കയറി വരുന്നതായി കാണാം.

അത് മുന്നില്‍ കണ്ടാണ് അച്ഛനത് പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ മിമിക്രി അന്നേ നിര്‍ത്തി. മാത്രമല്ല മിമിക്രിയും, ഡബ്ബിങ്ങും ഒരുമിച്ച് കൊണ്ട് പോവാനും ബുദ്ധിമുട്ടാണ്,’ ഷോബി പറഞ്ഞു.

Content Highlight: Shobi Thilakan about his father