മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികനടിമാരില്‍ ഒരാളാണ് ശോഭന. മലയാള സിനിമക്ക് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാനും ശോഭനക്ക് സാധിച്ചിരുന്നു.
അഭിനയത്തിന് പുറമെ ഭരതനാട്യത്തിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ടൈം ട്രാവല്‍ ചെയ്യാന്‍ സാധിച്ചാല്‍ ഏത് പെര്‍ഫോമറുടെ പ്രോഗ്രാം ലൈവായി കാണാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന. തഞ്ചാവൂര്‍ കോവിലിലെ ഡാന്‍സേഴ്‌സിനെ കുറിച്ചാണ് നടി പറയുന്നത്.
‘എനിക്ക് ടൈം ട്രാവല്‍ ചെയ്ത് പാസ്റ്റിലേക്ക് പോകാന്‍ സാധിക്കുന്നത് നല്ല കാര്യമാണ്. ഞാന്‍ അപ്പോള്‍ പോകുക തഞ്ചാവൂര്‍ കോവിലിലെ ഡാന്‍സേഴ്‌സിന്റെ അടുത്തേക്കാകും. അവര്‍ അന്ന് എങ്ങനെയാണ് ഡാന്‍സ് ചെയ്തതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
സത്യത്തില്‍ നിങ്ങളുടെ ചോദ്യം വളരെ മികച്ചതാണ്. നമുക്ക് അവര്‍ എങ്ങനെയാണ് ഡാന്‍സ് ചെയ്തതെന്ന് അറിയില്ലല്ലോ. പകരം നമ്മള്‍ കണ്ടിട്ടുള്ളത് ആ കാലഘട്ടത്തിലെ ഡാന്‍സേഴ്‌സിന്റെ പ്രതിമകളാണ്,’ ശോഭന പറയുന്നു.
അതാണ് ഭരതനാട്യത്തിന്റെ ആദ്യത്തെ വിഷ്വല്‍ റെഫറന്‍സെന്നും അത് എങ്ങനെ ആയിരുന്നുവെന്ന് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. ഡാന്‍സ് കാണാനായി ആ കാലഘട്ടത്തിലേക്ക് ടൈം ട്രാവല്‍ ചെയ്ത് പോയാല്‍ അവിടെയുള്ളവരെല്ലാം ചിലപ്പോള്‍ വ്യത്യസ്തമായ വസ്ത്രത്തിലാകുമെന്നും ശോഭന തമാശയോടെ കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന നടി വിവിധ സ്ഥലങ്ങളില്‍ ഭരതനാട്യം പെര്‍ഫോം ചെയ്യാറുമുണ്ട്. തങ്ങളുടെ എല്ലാ ഡാന്‍സ് പ്രോഗ്രാമിനും തങ്ങള്‍ മാക്‌സിമം എഫേര്‍ട്ട് എടുക്കാറുണ്ടെന്നും ശോഭന പറയുന്നു. റെഡ് എഫ്.എം ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് പൊതുവായി ഒരു കാര്യം പറയാനുള്ളത്. നമുക്ക് എപ്പോഴും ചില ചോയ്‌സുകളുണ്ടാകും. സിനിമ കാണണോ അതോ ക്ലാസിക്കല്‍ ഡാന്‍സ് കാണണോ എന്ന ചോദ്യം വരാം.
ആ സമയത്ത് ക്ലാസിക്കല്‍ ഡാന്‍സ് ബോറാണെന്നും പറഞ്ഞ് പലരും സിനിമയാകും തെരഞ്ഞെടുക്കുന്നത്. ക്ലാസിക്കല്‍ ഡാന്‍സിന് ഒരു പ്രത്യേക ഓഡിയന്‍സുണ്ട്. പക്ഷെ ആ ഓഡിയന്‍സിന്റെ എണ്ണം ഇനിയും കുറച്ചുകൂടെ വര്‍ധിക്കണം എന്നതാണ് എന്റെ ആഗ്രഹം,’ ശോഭന പറയുന്നു.
Content Highlight: Shobana answering the question of which performer’s program she would like to see live if she could time travel