ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇങ്ങനെയൊക്കെ പറയാമോ? ബാബറിനെ പരിഹസിച്ച് അക്തര്‍; വാളെടുത്ത് മുന്‍ നായകന്‍
Sports News
ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇങ്ങനെയൊക്കെ പറയാമോ? ബാബറിനെ പരിഹസിച്ച് അക്തര്‍; വാളെടുത്ത് മുന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 8:09 pm

പാക് നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളുടെ കമ്യൂണിക്കേഷന്‍ സ്‌കില്ലിനെ പരിഹസിച്ച് ലെജന്‍ഡറി പാക് പേസര്‍ ഷോയ്ബ് അക്തര്‍. ബാബറിന് മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും അതുകൊണ്ട് അവന്‍ ഒരിക്കലും ഒരു ബ്രാന്‍ഡ് ആയി മാറാന്‍ പോകുന്നില്ല എന്നുമായിരുന്നു അക്തര്‍ പറഞ്ഞത്.

പാകിസ്ഥനിലെ ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.

‘നോക്കൂ, ടീമിനകത്ത് ഒരു അച്ചടക്കവും മര്യാദയുമില്ല, എങ്ങനെ സംസാരിക്കണം എന്നുപോലും അവര്‍ക്ക് അറിയില്ല. അവര്‍ പ്രെസന്റേഷന്‍ സെറിമണിയിലേക്ക് വരുമ്പോള്‍ അത് എത്ര അരോചകമാണ്. ഇംഗ്ലീഷ് പഠിക്കാനും സംസാരിക്കാനും ഇത്ര ബുദ്ധിമുട്ടുണ്ടോ?

ക്രിക്കറ്റ് എന്നത് ഒരു ജോലിയാണ്. മാധ്യമങ്ങളെ കാണുന്നത് മറ്റൊന്നും. നിങ്ങള്‍ക്ക് മര്യാദക്ക് സംസാരിക്കാന്‍ കഴിയുന്നില്ല എന്നാണെങ്കില്‍, എന്നോട് ക്ഷമിക്കൂ, നിങ്ങള്‍ക്കെങ്ങനെയാണ് ടി.വിയില്‍ സ്വയം പ്രകടിപ്പിക്കാന്‍ സാധിക്കുക,’ എന്നായിരുന്നു പാക് താരങ്ങളോടുള്ള അക്തറിന്റെ ചോദ്യം.

‘ഞാന്‍ തുറന്നുപറയട്ടെ ബാബര്‍ അസമാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആകേണ്ടത്. എന്നാല്‍ അവന്‍ എന്തേ അങ്ങനെ ആകാതെ പോയത്? കാരണം അവന് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതുതന്നെ,’ എന്നായിരുന്നു ബാബറിനെ കുറിച്ച് അക്തര്‍ പറഞ്ഞത്.

എന്നാല്‍ അക്തറിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

വിഷയത്തില്‍ ബാബര്‍ അസമിനെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുകയാണ് മുന്‍ പാക് നായകനായ സല്‍മാന്‍ ബട്ട്. ബാബര്‍ അക്തറിന്റെ വാക്കുകള്‍ ചെവിക്കൊള്ളേണ്ടതില്ല എന്നും കളിക്കളത്തിലെ പ്രകടനമാണ് ഭാഷ നൈപുണ്യത്തെക്കാള്‍ വലുതെന്നുമായിരുന്നു ബട്ടിന്റെ മറുപടി.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ബട്ട് ഇക്കാര്യം പറഞ്ഞത്.

‘ബാബര്‍ അസം ഒരു മുതിര്‍ന്ന ആളാണ്. നിങ്ങള്‍ക്കവന്റെ ഇംഗ്ലീഷിനെ കുറിച്ച് വിമര്‍ശനമുണ്ടായേക്കാം, എന്നാല്‍ അവന്‍ ഏതെങ്കിലും ഒരു ഭാഷയില്‍ കൃത്യമായി സംസാരിച്ചില്ല എന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടോ?

മിക്ക കായിക താരങ്ങളും അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുകയും മറ്റൊരാള്‍ അത് ട്രാന്‍സ്ലേറ്റ് ചെയ്യുകയുമാണ് പതിവ്. എല്ലാവരും സ്വന്തം മാതൃഭാഷയില്‍ അഭിമാനിക്കുന്നവരാവണം,’ ബട്ട് പറഞ്ഞു.

ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ മികച്ച ബ്രാന്‍ഡ് ആകാന്‍ സാധിക്കില്ല എന്ന അക്തറിന്റെ അഭിപ്രായത്തോടും ബട്ട് വിയോജിച്ചു.

‘ബാബര്‍ ഏതെങ്കിലും ചാനലിന് വേണ്ടി പണിയെടുക്കുന്നവനല്ല. അവന്‍ സ്വയമൊരു ബ്രാന്‍ഡാണ്, നിരവധി ബ്രാന്‍ഡുകളുമായി ഇതിനോടകം തന്നെ അവന്‍ അസോസിയേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്,’ സല്‍മാന്‍ ബട്ട് പറഞ്ഞു.

 

Content Highlight: Shoaib Akhtar mocks Babar Azam because of his communication skills