ദല്‍ഹിയില്‍ ഇസ്രഈലിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ശിവരാജ് സിങ് ചൗഹാന്‍
national news
ദല്‍ഹിയില്‍ ഇസ്രഈലിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ശിവരാജ് സിങ് ചൗഹാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 7:53 am

ന്യൂദല്‍ഹി: ഇസ്രഈലിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇസ്രഈല്‍ എംബസിയില്‍ വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്തത്. പരിപാടിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ മന്ത്രി തന്നെ പങ്കുവെക്കുകയായിരുന്നു.

ഇരുരാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പരിപാടിയില്‍ പറഞ്ഞു. ഇരു രാഷ്ട്രങ്ങളുടെയും വികസനത്തിനും ക്ഷേമത്തിനുമുള്ള പങ്കാളിത്തത്തോടെയുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

ശുഭകരമായ ഒരു ദിനത്തില്‍ ഇസ്രഈലില്‍ നിന്നുള്ള തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ശിവരാജ് സിങ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു.

‘ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം ടൂറിസത്തിനും സാമുദായിക ഐക്യത്തിനും നേരെയുള്ള ഒരു ആക്രമണമല്ല, മനുഷ്യത്വത്തിനും നേരെയുള്ള ഒരു ആക്രമണമായിരുന്നു. ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമിലേത്. ഇനിയുള്ളത് വെറുതെ അപലപിക്കാനുള്ള സമയമല്ല. ഉറച്ച നടപടിയെടുക്കേണ്ട സമയമാണിത്,’ ശിവരാജ് രാജ് ചൗഹാന്‍ പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ നെതന്യാഹു ഭരണകൂടത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ പലപ്പോഴായി സ്വീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ആവസാനിപ്പിക്കുന്നതിനായി ഇന്ത്യ കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

ഇസ്രഈല്‍ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കുന്നത് സംബന്ധിച്ച യു.എന്‍ വോട്ടെടുപ്പുകളില്‍ നിന്ന് ഇന്ത്യ ഒന്നിലധികം തവണ വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസ്, സി.പി.ഐ.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

നിലവില്‍ ഇസ്രഈല്‍ എംബസിയില്‍ നടന്ന ഇസ്രഈലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വളരെ പ്രാധാന്യത്തോട് കൂടിയാണ് ഇന്ത്യ കണ്ടതെന്ന് മുന്‍ രാജ്യസഭാ എം.പി തരുണ്‍ വിജയ് എക്സില്‍ കുറിച്ചു.


ഇസ്രഈല്‍ പരിപാടിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും രാജ്യത്തെ മുതിര്‍ന്ന ഒരു നേതാവ് കൂടിയായ ശിവരാജ് സിങ് ചൗഹാന്‍ സംസാരിച്ചതായും തരുണ്‍ വിജയ് പറഞ്ഞു. മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മുന്‍ ബി.ജെ.പി എം.പിയുടെ പോസ്റ്റ്.

Content Highlight: Shivraj Singh Chouhan attends Israel’s Independence Day celebrations in Delhi