വേള്ഡ് ചാമ്പ്യന്ഷിപ്പ് ഓഫ് ലെജന്ഡ്സ് സെമി ഫൈനലില് ഓസ്ട്രേലിയ ചാമ്പ്യന്സിനെതിരെ തകര്പ്പന് വിജയവുമായി വെസ്റ്റ് ഇന്ഡീസ് ചാമ്പ്യന്സ്. ഷാര്ജ ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അഞ്ച് വിക്കറ്റിനായിരുന്നു കരീബിയന് ഇതിഹാസങ്ങളുടെ വിജയം.
View this post on Instagram
ഓസീസ് ഉയര്ത്തിയ 173 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ വിന്ഡീസ് ആറ് പന്തുകള് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. നാളെ നടക്കുന്ന ഫൈനല് മത്സരത്തില് ഇംഗ്ലണ്ട് ചാമ്പ്യന്സാണ് എതിരാളികള്.
View this post on Instagram
ഇതിഹാസ താരം ശിവ്നരെയ്ന് ചന്ദര്പോളിന്റെ പ്രകടനമായിരുന്നു സെമി ഫൈനല് പോരാട്ടത്തിലെ പ്രധാന ഹൈലൈറ്റ്. തന്റെ 52ാം വയസില് കരിയറിലെ മറ്റൊരു പ്രധാന മത്സരത്തിനിറങ്ങിയ താരം പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനവും പുറത്തെടുത്തു.
നാലാമനായി കളത്തിലിറങ്ങി 27 പന്തില് നിന്നും 41 റണ്സുമായാണ് ചന്ദര്പോള് കരുത്തുകാട്ടിയത്. മൂന്ന് വിതം സിക്സറും ഫോറുമായി 151.85 സ്ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മത്സരത്തില് വിന്ഡീസ് ചാമ്പ്യന്സിന്റെ രണ്ടാമത് മികച്ച റണ്വേട്ടക്കാരനും ചന്ദര്പോള് തന്നെയായിരുന്നു.
View this post on Instagram
മൂന്നാം വിക്കറ്റില് ചാഡ്വിക് വാള്ട്ടനൊപ്പം പടുത്തുയര്ത്തിയ 96 റണ്സിന്റെ പാര്ട്ണര്ഷിപ്പാണ് മത്സരത്തില് വിന്ഡീസിന് തുണയായത്.
മത്സരത്തില് നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ചാമ്പ്യന്സിന് തുടക്കം പാളിയിരുന്നു. ഇന്നിങ്സിലെ രണ്ടാം പന്തില് ഡിയാര്സി ഷോര്ട്ട് സില്വര് ഡക്കായും അടുത്ത ഓവറില് ക്യാപ്റ്റന് ഡേവിഡ് വാര്ണര് ബ്രോണ്സ് ഡക്കായും മടങ്ങി. ബെന് ഡങ്ക് (ഏഴ് പന്തില് 12), കാലം ഫെര്ഗൂസന് (പത്ത് പന്തില് പത്ത്) എന്നിവര് അധികം വൈകാതെ തിരിച്ചുനടന്നത് ടീമിന് തിരിച്ചടിയായി.
എന്നാല് ജോ ബേണ്സിന്റെയും ജോനാഥന് വെല്സിന്റെയും സെഞ്ച്വറി കൂട്ടുകെട്ട് കങ്കാരുക്കളെ വന് തകര്ച്ചയില് നിന്നും കരകയറ്റി. അഞ്ചാം വിക്കറ്റില് 110 റണ്സാണ് ഇരുവരും സ്കോര് ബോര്ഡിലേക്ക് ചേര്ത്തത്.
View this post on Instagram
ജോ ബേണ്സ് 52 പന്തില് 86 റണ്സ് നേടിയപ്പോള് 33 പന്തില് 49 റണ്സാണ് വെല്സിന്റെ സമ്പാദ്യം.
ഒടുവില് നിശ്ചിത ഓവറില് ഏഴ് വിക്കറ്റിന് ഓസീസ് 172ലെത്തി.
നാല് വിക്കറ്റ് വീഴ്ത്തിയ ഷെല്ഡന് കോട്രലാണ് വിന്ഡീസ് നിരയില് ബൗളിങ്ങില് തിളങ്ങിയത്.
View this post on Instagram
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്ഡീസിനായി ഓപ്പണര്മാര് ജെര്മയിന് ബ്ലാക്ക്വുഡ് 11 റണ്സും ലെന്ഡില് സിമ്മണ്സ് 22 റണ്സും സ്വന്തമാക്കി.
മൂന്നാം വിക്കറ്റില് ചന്ദര്പോളിനൊപ്പം ചാഡ്വിക് വാള്ട്ടണും തകര്ത്തടിച്ചതോടെ വിന്ഡീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 82 പന്തില് പുറത്താകാതെ 87 റണ്സാണ് വിക്കറ്റ് കീപ്പര് ചാഡ്വിക് വാള്ട്ടണ് സ്വന്തമാക്കിയത്. പത്ത് സിക്സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
View this post on Instagram
ചന്ദര്പോളിന് ശേഷമെത്തിയ കാര്ലോസ് ബ്രാത്വെയ്റ്റ് (ഗോള്ഡന് ഡക്ക്), റെയ്മണ് റീഫര് (ബ്രോണ്സ് ഡക്ക്) എന്നിവര് മടങ്ങിയെങ്കിലും ക്യാപ്റ്റന് ഡ്വെയ്ന് ബ്രാവോയെ ഒപ്പം കൂട്ടി വാള്ട്ടണ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: Shivnarine Chanderpaul’s brilliant knock in World Championship of Legends
