2025 ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ച് കയറിയത്.
മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെ മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. രണ്ട് ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.00 എന്ന മിന്നും എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യക്ക് മത്സരത്തില്‍ വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പാണ്ഡ്യയേയും തന്നെയും താരതമ്യപ്പെടുത്തി സംസാരിച്ചതില്‍ പ്രതികരിക്കുകയാണ് ദുബെ.
‘ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ഞാന്‍ എപ്പോഴും കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അദ്ദേഹം എനിക്ക് ഒരു സഹോദരനെപ്പോലെയാണ്, അദ്ദേഹത്തിന് ധാരാളം അനുഭവസമ്പത്തുണ്ട് എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കണം, ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല.
അദ്ദേഹത്തോടൊപ്പം കളിക്കാനും ഒരു കളിക്കാരനായി മെച്ചപ്പെടാനും ഞാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിലേക്ക് വന്നാല്‍ ഞാന്‍ പന്തെറിയുമെന്ന് ക്യാപ്റ്റനും പരിശീലകനും എന്നോട് പറഞ്ഞു. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്. ഞങ്ങളുടെ ബൗളിങ് പരിശീലകന്‍ എന്നെ സഹായിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം പന്തെറിയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,’ ശിവം ദുബെ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ്ങാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായ താരം വെറും 2.1 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.23 എന്ന എക്കോണമിയിലാണ് കുല്‍ദീപ് പന്തെറിഞ്ഞത്.
ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കൂടാതെ വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനവും യു.എ.ഇയെ പെട്ടന്ന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് തുണയായി. അതേസമയം ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശും ഹോങ്‌കോങ്ങുമാണ് ഏറ്റുമുട്ടുന്നത്.
Content Highlight: Shivam Dubey says don’t compare him to Hardik Pandya