ഇന്ത്യയ്ക്കെതിരായ നാലാം ടി-20യില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. വിശാഖപ്പട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനായിരുന്നു കിവീസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
സൂപ്പര്‍ താരം ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. വെറും 23 പന്തില്‍ നിന്ന് ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടി റണ്‍ഔട്ടില്‍ കുരുങ്ങുകയായിരുന്നു ദുബെ. 15 പന്തില്‍ നിന്നായിരുന്നു താരം ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയിലെത്തിയത്.
മാത്രമല്ല 282.61 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ ബാറ്റ് വീശിയത്. ഇതോടെ ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന മൂന്നാമത്തെ താരമാകാനാണ് താരത്തിന് സാധിച്ചത് (മിനിമം 50 റണ്‍സ്). ഈ നേട്ടത്തില്‍ മുന്‍ ഇന്‍ താരം യുവരാജ് സിങ്ങാണ് ഒന്നാമന്‍.
ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന താരം, സ്‌ട്രൈക്ക് റേറ്റ്, എതിരാളി
യുവരാജ് സിങ് – 362.50 – ഇംഗ്ലണ്ട്
അഭിഷേക് ശര്‍മ – 340.0 – ന്യൂസിലാന്‍ഡ്
ശിവം ദുബെ – 282.60 – ന്യൂസിലാന്‍ഡ്
സൂര്യകുമാര്‍ യാദവ് – 277.27 – സൗത്ത് ആഫ്രിക്ക
രോഹിത് ശര്‍മ – 274.41 – ശ്രീലങ്ക
ശിവം ദുബെ- Photo: BCCI
ദുബെയ്ക്ക് പുറമെ നാലാമനായി ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
24 റണ്‍സിനാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായത്. ഒരു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സിനും മടങ്ങി. ഹര്‍ദിക് രണ്ട് റണ്‍സിനും കൂടാരം കയറി.
ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനവുമാണ് കിവീസിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്. 36 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്.
Content Highlight: Shivam Dube In Great Record Achievement In T20i For India