ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാം ടി-20 മത്സരം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ് കഴിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് കവീസ് അടിച്ചെടുത്തത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. നിലവില്‍ 16 പന്തില്‍ നിന്ന് 52* റണ്‍സാണ് താരം നേടിയത്. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 15 പന്തില്‍ നിന്നായിരുന്നു താരം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ് ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ദുബെയ്ക്ക് സാധിച്ചത്. കിവീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ 14 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി ഈ റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് ചേക്കേറിയിരുന്നു. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് 12 പന്തില്‍ 50 അടിച്ച മുന്‍ താരം യുവരാജ് സിങ്ങാണ്.
ദുബെയ്ക്ക് പിന്തുണയായി ഹര്‍ഷിത് റാണയാണ് ക്രീസിലുള്ള മറ്റൊരാള്‍. മത്സരത്തില്‍ മിന്നും പ്രകടനമാണ് നാലാമനായി ഇറങ്ങിയ റിങ്കു സിങ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
24 റണ്‍സിനാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായത്. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അതേസമയം ഓപ്പണര്‍ അഭിഷ്‌ക് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സിനും മടങ്ങി. ഹര്‍ദിക് രണ്ട് റണ്‍സിനും കൂടാരം കയറി.
അതേസമയം ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. പവര്‍ പ്ലേയില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. മാത്രമല്ല 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്.
36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്. ഇരുവര്‍ക്കും പുറമെ 18 പന്തില്‍ 39* റണ്‍സ് നേടി ഡാരി മിച്ചല്‍ മിന്നും പ്രകടനം നടത്തി.
മത്സരത്തില്‍ കിവീസിന്റെ നാല് താരങ്ങളുടെ വിക്കറ്റുകള്‍ റിങ്കു സിങ്ങിന്റെ കയ്യിലായിരുന്നു വന്നു ചേര്‍ന്നത്. ഡെവോണ്‍ കോണ്‍വേ, ടിം സീഫേര്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ് (24), സാക്കറി ഫോള്‍ക്‌സ് (13) എന്നിവരുടെ വിക്കറ്റുകളാണ് താരം കയ്യിലാക്കിയത്. ഇതോടെ ഒരു മിന്നും നേട്ടവും റിങ്കു സ്വന്തമാക്കിയിരിക്കുകയാണ്.
ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമാകാനാണ് റിങ്കുവിന് സാധിച്ചത്. മുന്‍ താരം അജിന്‍ക്യാ രഹാനെയോടൊപ്പമാണ് റിങ്കു ഈ റെക്കോഡ് പങ്കിടുന്നത്. 2014ല്‍ ഇംഗ്ലണ്ടിനെതിരെയാണ് രഹാനെ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രാഹാനെ വാഴുന്ന റെക്കോഡില്‍ മാസ് എന്‍ട്രി തന്നെയാണ് ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറം റിങ്കു വന്നെത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് രണ്ട വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങുമാണ്. രവി ബിഷ്‌ണോയിയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതമാണ് നേടിയത്.
Content Highlight: Shivam Dube In Great Record Achievement In T-20 For India