01
  മുംബൈ: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാക്കളായ അസദുദ്ദീന്‍ ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും രാജ്യത്തെ ന്യൂന പക്ഷങ്ങളുടെ മനസില്‍ വിഷം നിറക്കുന്നവരാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. മഹാരാഷ്ട്ര സംസ്ഥാന നിയമ സഭയില്‍ എം.ഐ.എം നേടിയ വിജയമാണ് സേനയെ ചൊടിപ്പിക്കാന്‍ കാരണം.  നേരത്തെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എം.ഐ.എമ്മിന്റെ വിജയത്തെ  “ഹിന്ദുക്കള്‍ക്ക് ഭീഷണി ഉണ്ടാക്കുന്ന ശക്തികള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ തല പൊക്കിയിരിക്കുന്നു.” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഹൈദരാബാദ് ആസ്ഥാനമാക്കിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയാണ് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ എം.ഐ.എം രണ്ട് സീറ്റുകള്‍ നേടിയിരുന്നു. കൂടാതെ 14 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ നേടിയിരുന്നു. നിലവില്‍  മഹാരാഷ്ടയില്‍ കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് ശിവസേന. മജ്‌ലിസിന്റെ വിജയം ഉയര്‍ത്തിക്കാണിച്ച് മറ്റൊരു ധ്രുവീകരണത്തിനിറങ്ങുകയാണ് ശിവസേനയുടെ ലക്ഷ്യമെന്ന് കരുതപെടുന്നു. ഇതിനായി ഫട്‌നാവിസ് ഗവണ്‍മെന്റിനോട് മജ്‌ലിസിനെ നിരോധിക്കാന്‍ ആവശ്യപെട്ടിരിക്കുകയാണ് സേന.

നേരത്ത  കോണ്‍ഗ്രസ് എം.എല്‍.എ യായ പ്രണിതി ഷിന്‍ഡെ യും എം.ഐ.എമ്മിനെ നിരോധിക്കണമെന്ന് പറഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകളാണ് പ്രണിതി.  ഈ വിഷയത്തില്‍ പ്രണിതിയെ പൂര്‍ണമായും പിന്തുണക്കണമെന്നും ശിവസേന പറഞ്ഞിരുന്നു. സംസ്ഥാനത്തെ മറാത്ത  സ്‌കൂളുകളില്‍ ഉറുദു ഐഛിക വിഷയമായി കൊണ്ടുവരുമെന്ന് പറഞ്ഞ ബി.ജെ.പി മന്ത്രി ഏക്‌നാഥ് കട്‌സെ ക്കെതിരെ ശിവസേന എം.എല്‍.എ മാര്‍ പച്ച തൊപ്പിയണിഞ്ഞു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.