നാഗ്പുര്‍: നാഗ്പൂരില്‍ വനിതാ ഹോട്ടലുടമയെ പീഡിപ്പിക്കാൻ ശ്രമിച്ച ശിവസേന നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ശിവസേനയുടെ നേതാവായ മംഗേഷ് കാശികറിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ തോക്കുചൂണ്ടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. പീഡനശ്രമം കൂടാതെ യുവതിയിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തെന്നും കേസുണ്ട്.
കാശികർ തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട ഒരു ഹോട്ടൽ പുതുക്കിപ്പണിയുന്നതിനായി യുവതി 1.5 കോടി രൂപ നിക്ഷേപിച്ചതായി ബജാജ് നഗർ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശിവ സേനാ നേതാവ് തന്നെ ഉപദ്രവിച്ചുവെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ താൻ പ്രതിഷേധിച്ചപ്പോൾ അയാൾ തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഭാരതീയ ന്യായ്‍ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കാശികറിനെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ കാശികറിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
പരാതിക്കാരി ഒന്നരവർഷം മുമ്പായിരുന്നു പ്രതിയെ പരിചയപ്പെട്ടത്. അന്ന് കാശികർ ബജാജ് നഗറിൽ തനിക്ക് ഹോട്ടൽ ഉണ്ടെന്ന് അവകാശപ്പെടുകയും ഹോട്ടൽ പുതുക്കിപ്പണിയുന്നതിനായി പണം നിക്ഷേപിച്ചാൽ ലാഭത്തിന്റെ വലിയൊരു ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു യുവതി ഹോട്ടലിനായി പണം നിക്ഷേപിച്ചത്.
1 .5 കോടി രൂപ വായ്പ നൽകിയെങ്കിലും അതിനായി രേഖകൾ ഒന്നും സൂക്ഷിച്ചിരുന്നില്ല. പിന്നീട് യുവതി രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടാണ് ഹോട്ടൽ മറ്റൊരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് യുവതി തിരിച്ചറിഞ്ഞത്. പ്രതികരിച്ച യുവതിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.
സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതിക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ മുന്നോട്ടെത്തിയിട്ടുണ്ട്. വനിതാ അവകാശ സംഘടനകൾ യുവതി നേരിട്ട ആക്രമണത്തെ അപലപിക്കുകയും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കാശികറിനെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കാശികറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlight: Shiv Sena Leader Charged For Molesting Woman Hotelier At Gunpoint In Nagpur