സിനിമ ചെയ്യുന്നതിനേക്കാൾ ഇന്റർവ്യൂ കൊടുക്കുന്നതാണ് പ്രശ്നം: ഷൈൻ ടോം ചാക്കോ
Film News
സിനിമ ചെയ്യുന്നതിനേക്കാൾ ഇന്റർവ്യൂ കൊടുക്കുന്നതാണ് പ്രശ്നം: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st January 2024, 8:14 am

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഷൈൻ ടോം ചാക്കോ. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പിന്നീട് അഭിനയത്തിലേക്കെത്തിയ നടനാണ് ഷൈൻ. എം. എം. നിഷാദ് സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.

സിനിമകൾ ഒരുപാട് ചെയ്യുന്നതുകൊണ്ട് ദൂഷ്യമായി തോന്നാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ തോന്നാറില്ലെന്നും പക്ഷെ ഇന്റർവ്യൂസ് കൊടുക്കുമ്പോൾ തോന്നാറുണ്ടെന്നുമായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി. എന്നാൽ അങ്ങനെ കരുതിയിട്ട് കാര്യമില്ലെന്നും ഒരു പടം ചെയ്യുമ്പോൾ അതിന് വേണ്ടിയുള്ള പ്രൊമോഷൻ കൊടുക്കാൻ തങ്ങൾ ഉത്തരവാദികളാണെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.

‘സിനിമകൾ ഒരുപാട് ചെയ്യുന്നതുകൊണ്ട് ദൂഷ്യമായി വരുന്നുണ്ടോ എന്ന് തോന്നാറില്ല. പക്ഷെ ഇന്റർവ്യൂസ് കൊടുക്കുമ്പോൾ തോന്നാറുണ്ട്. അങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ, നമ്മൾ ചെയ്യുന്ന പടങ്ങൾക്ക് പ്രമോഷന് വേണ്ടി നമ്മൾ വന്നിരിക്കെണ്ടേ. ഒരു പരിപാടിക്ക് ഇറങ്ങിത്തിരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാം ചെയ്യാൻ നമ്മൾ ഉത്തരവാദികളാണ്. അതുകൊണ്ടാണ് ചെയ്യുന്നത്.

ഇന്റർവ്യൂസ് ഒരുപാട് ചെയ്യുന്നതുകൊണ്ട് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില ആളുകൾ വന്നിട്ട് നിങ്ങൾ എന്തിനാണ് ഇത്രയും ഇൻറർവ്യൂസ് കൊടുക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ഒരു പടം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് ഒന്നു രണ്ടുദിവസം ഇന്റർവ്യൂസ് കൊടുത്തേ പറ്റൂ. അത് നമ്മുടെ കർത്തവ്യമാണ്.

ഞാൻ കഴിഞ്ഞ ആഴ്ച മുതൽ ഇന്റർവ്യൂസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. പടം ഒരുപാട് ചെയ്യുന്നതുകൊണ്ട് പ്രശ്നം തോന്നാറില്ല. ഇന്റർവ്യൂസ് ഒരുപാട് അടുപ്പിച്ചു കൊടുക്കുന്നത് കൊണ്ട് ആളുകൾ കാണുമ്പോൾ പറയാറുള്ളത് ഇൻറർവ്യൂസ് ഒക്കെ കാണാറുണ്ട് കേട്ടോ എന്നാണ്. പടം കാണാൻ വേണ്ടിയിട്ടാണ് നമ്മൾ ഇന്റർവ്യൂസ് കൊടുക്കുന്നത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

എം.എം. നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ അറേബ്യയിൽ ഷൈൻ ടോം ചാക്കോക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, ഉർവശി, മുകേഷ്, ദുർഗ കൃഷ്ണ, ഡയാന തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളെത്തും.

Content Highlight: Shine tom chakko about the promotion interviews