പൃഥ്വിയും മമ്മൂക്കയും ദുല്‍ഖറൊന്നും അങ്ങനെയല്ല; അവര്‍ക്ക് ഭാഷയുടെ പ്രശ്‌നങ്ങളൊന്നുമില്ല: ഷൈന്‍
Indian Cinema
പൃഥ്വിയും മമ്മൂക്കയും ദുല്‍ഖറൊന്നും അങ്ങനെയല്ല; അവര്‍ക്ക് ഭാഷയുടെ പ്രശ്‌നങ്ങളൊന്നുമില്ല: ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th July 2025, 7:46 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബാലയ്യയുടെ കൂടെ ഡാക്കു മഹാരാജ് എന്ന സിനിമയിലും ഷൈനിന് അഭിനയിക്കാന്‍ സാധിച്ചിരുന്നു.

ഇപ്പോള്‍ ദ നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലയ്യയുടെ കൂടെ ഈ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ആദ്യ ദിവസം തന്നെ ബാലയ്യയുടെ കൂടെയുള്ള സീനായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഉച്ചയായിട്ടും തനിക്ക് ഡയലോഗ് പറയുന്നത് ശരിയായില്ലെന്നും ഷൈന്‍ പറഞ്ഞു.

‘ബാലയ്യയുടെ കൂടെ ഷൂട്ട് ചെയ്തതിന്റെ ആദ്യ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ആദ്യ സീന്‍ തന്നെ അദ്ദേഹത്തിന്റെ കൂടെയുള്ളതാണ്. ബാലയ്യയെ പിടിക്കാന്‍ വന്നിട്ട് ‘എന്താണ് മാമ പറയാതെ പോയത്’ എന്ന് ചോദിക്കുന്ന സീന്‍ ആയിരുന്നു.

പക്ഷെ എനിക്ക് ആ ഭാഷ തീരെ വരുന്നില്ലായിരുന്നു. തെലുങ്കിലാണ് ആ ഡയലോഗ് മൊത്തം പറയേണ്ടത്. പക്ഷെ ഉച്ചയായിട്ടും എനിക്ക് ആ ഡയലോഗൊന്നും പറയാന്‍ ആയില്ല. എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ലായിരുന്നു.

അവസാനം ഞാന്‍ ഡയറക്ടറിനോട് ‘ഞാന്‍ പോകുകയാണ്’ എന്ന് പറഞ്ഞു. കാരണം ഒന്നും ശരിയാവുന്നില്ലല്ലോ. പക്ഷെ അദ്ദേഹം പറഞ്ഞത് ‘ഭാഷയൊന്നും പ്രശ്‌നമില്ല’ എന്നായിരുന്നു. ആക്ഷന്‍സൊക്കെ കൃത്യമായി വരുന്നുണ്ടല്ലോ എന്നാണ് ഡയറക്ടര്‍ പറഞ്ഞത്.

മറ്റൊരു ഭാഷയില്‍ പോകുമ്പോള്‍ അവിടെയുള്ളവരുടെ കോണ്‍ഫിഡന്‍സിലാണ് നമ്മള്‍ സിനിമ ചെയ്യുന്നത്. അല്ലാതെ നമ്മള്‍ക്ക് ഒരിക്കലും പെര്‍ഫക്ടായി ചെയ്യാനാകില്ല. പക്ഷെ പൃഥ്വിയും മമ്മൂക്കയും ദുല്‍ഖറൊന്നും അങ്ങനെയല്ല. അവര് നന്നായി തെലുങ്കൊക്കെ പറയും.

തമിഴാണെങ്കിലും അവര്‍ നന്നായി പറയും. അവര്‍ക്ക് അങ്ങനെ ഭാഷയുടെ പ്രശ്‌നങ്ങളൊന്നുമില്ല. പെണ്‍കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ക്ക് ഏത് ഭാഷയാണെങ്കിലും പ്രശ്‌നമില്ല. ഏത് ഭാഷയും അവര്‍ പെട്ടെന്ന് തന്നെ ക്യാച്ച് ചെയ്യും,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.


Content Highlight: Shine Tom Chacko Talks About Other Language Movies