കഴിഞ്ഞ കാലത്ത് താന്‍ ചെയ്ത തെറ്റുകളെ കഴുകിക്കളഞ്ഞ് പുതിയ മനുഷ്യനാകാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മുമ്പ് സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയ അഭിമുഖത്തില്‍ പലതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ടെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.
‘എന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ട്. ബോധപൂര്‍വം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്‌നങ്ങളുള്ളതായി ഇപ്പോള്‍ തോന്നുന്നുണ്ട്. ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെ പത്ത് ഇരുപത് ക്യാമറകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരും. എല്ലാം ഒരേരീതിയില്‍ ആകാതിരിക്കാന്‍ ചിലതൊക്കെ കൈയില്‍ നിന്നിടും.
ഒരു വര്‍ഷം പത്ത് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ എത്ര അഭിമുഖങ്ങള്‍ നല്‍കണം. പ്രമോഷന്റെ ഭാഗമായാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് അഭിമുഖങ്ങള്‍ ആസ്വദിക്കുന്നവര്‍ പോലും സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നില്ല,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
ഷൈനിനെ പോലെത്തന്നെ അഭിമുഖം നല്‍കുന്നതില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസനും. ധ്യാനിന്റെ സിനിമകള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കാണാറുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ അഭിമുഖങ്ങള്‍ കൊണ്ടുപോകുന്നത് കൊണ്ടാണ് ധ്യാന്‍ ശ്രീനിവാസന്റെ സംസാരം കേള്‍ക്കാന്‍ ആളുകള്‍ യുട്യൂബ് തുറക്കുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
വളരെ ശാന്തമായോ പക്വതയോടെയോ അല്ല ധ്യാന്‍ സംസാരിക്കുന്നതെന്നും എന്തും വെട്ടിത്തുറന്ന് പറയുന്ന രീതിയാണ് ധ്യാനിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധ്യാന്‍ സംസാരിക്കുമ്പോള്‍ സംസാരത്തിലധികവും അയാളുടെ അച്ഛനും അമ്മയും ചേട്ടനുമെല്ലാം കടന്നുവരാറുണ്ടെന്നും അതെല്ലാം ഓരോരുത്തരുടെ രീതിയാണെന്നും ഷൈന്‍ പറയുന്നു. പടം ഉഷാറാക്കണം എന്നല്ല, പ്രമോഷന്‍ പരിപാടിയും അഭിമുഖവും ഗംഭീരമാക്കണമെന്ന് പറയുന്ന പ്രേക്ഷകരുമാണ് ഇന്ന് കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.