കമലിന്റെ സംവിധാന സഹായിയായി സിനിമാ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. പിന്നീട് കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും അദ്ദേഹം ചുവടുവെച്ചു. ഇപ്പോള്‍ മലയാളത്തിലും അന്യ ഭാഷകളിലും ഒരുപോലെ തിരക്കുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ.
ഇപ്പോള്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച് സാങ്കേതികവിദ്യകളെ കുറിച്ചെല്ലാം അറിവുനേടിയാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് ഷൈന്‍ പറയുന്നു.
‘ഞങ്ങളുടെ അയല്‍വാസിയായിരുന്ന കമല്‍ സാറുമായി ചെറുപ്പംമുതലേ കുടുംബപരമായി അടുപ്പമുണ്ടായിരുന്നു. ആ പരിചയത്തിലാണ് അദ്ദേഹത്തിനടുത്തേക്ക് ചെല്ലുന്നത്, അഭിനയമാണ് താത്പര്യമെങ്കിലും സംവിധാന സഹായിയായാണ് ആദ്യം കൂടിയത്. ഞാന്‍ അഭിനയിക്കാനാണ് വന്നതെന്ന കാര്യം പിന്നീടെപ്പോഴോ കമല്‍സാറും മറന്നുപോയി,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
കമലിനോടൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തെന്നും ഇപ്പോഴും കൂടെ ഉണ്ടായിരുന്നെന്നും എന്നാല്‍ അഭിനയിക്കണം എന്ന ആഗ്രഹം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാന്‍ മടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിന്നീട് ‘ഗദ്ദാമ’ സിനിമയുടെ സമയത്ത് സഫീര്‍സേട്ട് പറഞ്ഞാണ് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്നത്തെ എന്റെ രൂപം ആ കഥാപാത്രത്തിന് യോജിച്ചതായിരുന്നു. ചിത്രീകരണത്തിന്റെ പിന്നണിപ്രവര്‍ത്തനങ്ങള്‍ അറിയാവുന്നത് കൊണ്ടാകണം അഭിനയത്തില്‍ പെട്ടെന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞു,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
കഴിഞ്ഞ കാലത്ത് താന്‍ ചെയ്ത തെറ്റുകളെ കഴുകിക്കളഞ്ഞ് പുതിയ മനുഷ്യനാകാന്‍ ശ്രമിക്കുകയാണ് താനെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. മുമ്പ് സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയ അഭിമുഖത്തില്‍ പലതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.