നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും റൊമാന്റിക്കായി അഭിനയിക്കാനും വളരെ ബുദ്ധിമുട്ടാണ്: ഷൈന്‍ ടോം ചാക്കോ
Entertainment news
നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും റൊമാന്റിക്കായി അഭിനയിക്കാനും വളരെ ബുദ്ധിമുട്ടാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th March 2022, 1:58 pm

ഭീഷ്മ പര്‍വ്വത്തിലെ പീറ്ററായി കളം നിറഞ്ഞാടുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിലെ ഭാസിപിള്ളയായും ഷെയ്ന്‍ നിഗം ചിത്രം വെയിലിലെ ജോമിയായുമൊക്കെ അടുത്തിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷൈന്‍, അമല്‍ നീരദിന്റെ ഭീഷ്മയില്‍ വില്ലനായി അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയായിരുന്നു.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ ഷൈന്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതിന്റെ ഭംഗി ഇഷ്‌ക് പോലുള്ള സിനിമകളിലും നമ്മള്‍ കണ്ടതാണ്.

ഇത്തരം വില്ലന്‍ വേഷങ്ങളും സ്വഭാവ വേഷങ്ങളുമൊക്കെയാണ് ഷൈന്‍ ചെയ്തിട്ടുള്ളതില്‍ ഭൂരിഭാഗവും. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

നെഗറ്റീവ് ഷേഡുള്ള, ആരെയെങ്കിലും ചീത്ത വിളിക്കുന്ന റോളുകള്‍ ചെയ്യാന്‍ എളുപ്പമാണെന്നും എന്നാല്‍ റൊമാന്റിക്കായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും പറയുകയാണ് ഷൈന്‍.

”റൊമാന്റിക്കായി അഭിനയിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും.

ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്നപോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് നടക്കില്ല,” ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലെ ആല്‍വി നായകവേഷമാണ് ഷൈനിന്റെ അഭിനയജീവിതത്തില്‍ ഒരു ബ്രേക്ക് നല്‍കിയ സിനിമ. നടി അനുശ്രീക്കൊപ്പം ‘കന്നിമലരേ കണ്ണിനഴകേ’ എന്ന റൊമാന്റിക് പാട്ടിലും ഷൈന്‍ എത്തിയിരുന്നു.

ഗോദയിലെ കിടിലം ഫിറോസ് ആയി വന്ന് കോമഡി വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുള്ളതാണ്.


Content Highlight: Shine Tom Chacko says it is difficult to act in romantic scenes