അവരുടെ കണ്‍വെട്ടത്തുനിന്ന് മാറുമ്പോള്‍ പഴയശീലങ്ങളിലേക്ക് മാറുമോ എന്ന ആശങ്കയുണ്ട്: ഷൈന്‍ ടോം ചാക്കോ
Malayalam Cinema
അവരുടെ കണ്‍വെട്ടത്തുനിന്ന് മാറുമ്പോള്‍ പഴയശീലങ്ങളിലേക്ക് മാറുമോ എന്ന ആശങ്കയുണ്ട്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 2:19 pm

സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ രാസലഹരിക്കേസില്‍ പൊലീസിന്റെ പിടിയിലാവുന്നത്. പിന്നീട് നടന്‍ റീഹാബിറ്റേഷന് വിധേയനാവുകയും ചെയ്തിരുന്നു. ചികിത്സക്കായി പോകുന്ന സമയം ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാറ്റത്തിനായി താനിന്ന് സ്വയം ശ്രമിക്കുകയാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.

‘പ്രേരണകള്‍ ഉണ്ടാകുമെന്നറിയാം എന്നാലും, കരുതലോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. അപകടത്തിനുശേഷം ഇതു വരെ ഞാന്‍ കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. അവരുടെ കണ്‍വെട്ടത്തുനിന്ന് മാറുമ്പോള്‍ പഴയശീലങ്ങളിലേക്കോ മോശം നടപ്പിലേക്കോ മാറുമോ എന്നൊരു ആശങ്കയുണ്ട്. കാണാത്തിടത്തിരുന്ന് ഡാഡിയെല്ലാം കാണുമെന്ന ചിന്തയാണ് മുന്നോട്ടുള്ള യാത്രയുടെ കരുത്ത്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞതുപോലെയല്ല, അച്ഛന്റെ അദൃശ്യമായൊരു സാന്നിധ്യമാണ് താന്‍ ഇന്ന് അനുഭവിക്കുന്നതെന്നും പ്രകൃതിയിലെവിടെയോ ഇരുന്ന് അദ്ദേഹം തന്നെ നോക്കിക്കൊണ്ടിരിക്കുന്നുവെന്ന തോന്നലാണ് തനിക്കുള്ളതെന്നും നടന്‍ പറഞ്ഞു. എന്നാല്‍, പ്രലോഭനങ്ങളെ തള്ളിക്കളയാന്‍ മുന്നോട്ടുപോകാന്‍ തനിക്ക് ആ ചിന്തകളെല്ലാം തന്നെ ധൈര്യം പകരുന്നുണ്ടെന്നും ഷൈന്‍ പറഞ്ഞു.

‘അമ്മയും സഹോദരനും എന്റെ മേല്‍ ഇന്ന് അത്രയേറെ പ്രതീക്ഷയിലാണ് കഴിയുന്നത്. അവരെയൊന്നും ഇനി വേദനിപ്പിക്കാന്‍ വയ്യ. വീണ്ടും ലൊക്കേഷനിലേക്ക് പോയിത്തുടങ്ങുമ്പോള്‍ പഴയ പടിയാകരുതെന്ന് മനസിനെ സ്വയം പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. സിഗരറ്റ് വലിപോലും ഉപേക്ഷിച്ചു. ദിനചര്യകളില്‍ കാര്യമായ മാറ്റം കൊണ്ടുവരുകയാണ്.

ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റീസ് ഉള്‍പ്പെടെ ചിലകാര്യങ്ങളിലേക്ക് മാറാന്‍ ശ്രമിക്കും. അനിയത്തി വലിയൊരുകൂട്ടം കളറിങ് ബുക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഒഴിവുസമയങ്ങളില്‍ കളറിങ്ങിലേക്കും ഏകാഗ്രത വര്‍ധിപ്പിക്കുന്ന ചില പ്രവര്‍ത്തികളിലേക്കും മാറണം. ഇങ്ങനെയൊക്കെ മാത്രമേ ജീവിതത്തിനൊരു മാറ്റം കൊണ്ടുവരാന്‍കഴിയൂ,’ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Shine Tom Chacko says he is trying his best to survive