കാലങ്ങള്‍ക്ക് ശേഷം കഥാപാത്രമായി ഷൈന്‍; പ്രണയത്തിലും പ്രതികാരത്തിലും തീവ്ര ഭാവങ്ങള്‍
Film News
കാലങ്ങള്‍ക്ക് ശേഷം കഥാപാത്രമായി ഷൈന്‍; പ്രണയത്തിലും പ്രതികാരത്തിലും തീവ്ര ഭാവങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th April 2023, 6:33 pm

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുറമേ ഭീകരമെന്നും അഭിമാനം എന്നും തോന്നിക്കുന്ന മെയ്ല്‍ ഈഗോക്കുള്ളിലെ പൊള്ളയായ വശത്തെ തുറന്ന് കാണിക്കുകയായിരുന്നു അടിയിലൂടെ സംവിധായകന്‍ പ്രശോഭ് വിജയന്‍.

ഗൗരവതരമായ വിഷയത്തെ തമാശയ്‌ക്കൊപ്പം കൂട്ടിക്കെട്ടി രസച്ചരട് മുറിക്കാതെ സിനിമയെ നയിക്കുന്നതില്‍ പ്രശോഭ് വിജയന്‍ വിജയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പ്രകടനമാണ് ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. അതില്‍ തന്നെ എടുത്ത് പറയേണ്ടത് കേന്ദ്രകഥാപാത്രമായ ഷൈന്‍ ടോം ചാക്കോയെ തന്നെയാണ്. പെണ്ണിനെ സംരക്ഷിക്കണമെന്നും വീട്ടുകാരുടെ മുമ്പില്‍ മാനസികമായും ശാരീരികമായും ശക്തനായി തന്നെ നില്‍ക്കണമെന്നുമുള്ള ആണ്‍ബോധത്തെ പേറുന്ന സജീവ് നായരെ ഗംഭീരമായി തന്നെ ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ കഥാപാത്രമായി കണാന്‍ പറ്റി എന്നത് തന്നെയാവും അടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സമീപകാലത്തിറങ്ങിയ, താരം അഭിനയിച്ച ചിത്രങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം അഭിമുഖങ്ങളിലൊക്കെ കണ്ട ഷൈന്‍ ടോമിനെ തന്നെ സിനിമയിലും കാണുന്നു എന്നതായിരുന്നു. ക്രിസ്റ്റഫറൊക്കെ ഷൈനെ ഇങ്ങനെ അവതരിപ്പിച്ചതില്‍ എടുത്ത് പറയേണ്ട ചിത്രങ്ങളാണ്. അത് തന്നെയായിരുന്നു ചിത്രം ആവശ്യപ്പെട്ടതെന്നും തോന്നും. നേര്‍ത്ത രൂപത്തില്‍ കൊറോണ പേപ്പേഴ്‌സിലെ കാക്ക പാപ്പിയിലും ഷൈന്‍ ഉണ്ടായിരുന്നു.

എന്നാല്‍ അടിയിലേക്ക് വന്നാല്‍ സജീവ് നായരെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. സജീവിന്റെ പ്രണയവും പേടിയും അപമാനവും ദുരഭിമാനവും എല്ലാം ഷൈന്‍ ടോമില്‍ ഭദ്രമായിരുന്നു. ഫസ്റ്റ് ഹാഫ് പോഷനുകളെ എന്‍ഗേജിങ്ങാക്കിയത് സജീവ്- ഗീതിക പ്രണയമായിരുന്നു. ഈ ഭാഗങ്ങളില്‍ ഷൈന്‍- അഹാന കെമിസ്ട്രി കണ്ടിരിക്കാന്‍ തന്നെ രസമാണ്.

ഫൈറ്റ് സീനുകളിലും ഷൈനിന്റെ അനായാസ പ്രകടനം തന്നെയാണ് കണ്ടത്. ഹീറോയിക് അല്ലാത്ത പേടി കലര്‍ന്ന അബദ്ധങ്ങള്‍ പറ്റുന്ന ഫൈറ്റ് സീനുകളിലും പ്രകടനം കൊണ്ട് ഷൈന്‍ സ്‌കോര്‍ ചെയ്തു.

സാധാരണ തുടക്കകാലങ്ങിളില്‍ പതറുന്ന അഭിനേതാക്കള്‍ പിന്നീട് പതിയെ പ്രകടനത്തില്‍ താളം കണ്ടെത്തുകയാണ് ചെയ്യാറുള്ളത്. ഷൈനിന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചായിരുന്നു. തുടക്കകാലത്ത് ഗംഭീര പ്രകടനം തന്റെ കഥാപാത്രങ്ങളിലൂടെ പുറത്തെടുത്ത ഷൈന്‍ സമീപകാലത്ത് ഡബ്ബിങ്ങിലുള്‍പ്പെടെ പതറിയിരുന്നു. എന്നാല്‍ തന്നിലെ പ്രതിഭയൊന്നും അങ്ങനെ പൊയ്‌പ്പോകില്ലെന്ന് വിമര്‍ശിച്ചവരെ ഓര്‍മിപ്പിക്കുകയാണ് അടിയിലെ സജീവ് നായരിലൂടെ ഷൈന്‍.

Content Highlight: shine tom chacko’s performance in adi movie