അന്നത്തെ എന്റെ രൂപം ആ കഥാപാത്രത്തിന് യോജിച്ചതായിരുന്നു: ഷൈന്‍ ടോം ചാക്കോ
Malayalam Cinema
അന്നത്തെ എന്റെ രൂപം ആ കഥാപാത്രത്തിന് യോജിച്ചതായിരുന്നു: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 4:59 pm

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. തല്ലുമാല, ഇഷ്‌ക്, ഉണ്ട, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനാണ്. നിരവധി മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലൂടെ തന്നെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു.  ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍.

‘സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച്, സാങ്കേതികവിദ്യകളെക്കുറിച്ചെല്ലാം അറിവുനേടിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ഞങ്ങളുടെ അയല്‍വാസിയായിരുന്ന കമല്‍സാറുമായി ചെറുപ്പം മുതലേ കുടുംബപരമായി അടുപ്പമുണ്ടായിരുന്നു. ആ പരിചയത്തിലാണ് അദ്ദേഹത്തിനടുത്തേക്ക് ചെല്ലുന്നത്, അഭിനയമാണ് താത്പര്യമെങ്കിലും സംവിധാനസഹായിയായാണ് ആദ്യം കൂടിയത്,’ ഷൈന്‍ പറഞ്ഞു.

ഞാന്‍ അഭിനയിക്കാനാണ് വന്നതെന്ന കാര്യം പിന്നീടെപ്പോഴോ കമല്‍ മറന്നുപോയെന്നും കമലിനൊപ്പം ചേര്‍ന്ന് പല സിനിമകളിലൂടെയും സഞ്ചരിച്ചെങ്കിലും നടനാകാനുള്ള ആഗ്രഹം ഒരിക്കല്‍കൂടി പറയാന്‍ മനസ് മടികാണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിന്നീട് ഗദ്ദാമ സിനിമയുടെ സമയത്ത് സഫീര്‍സേട്ട് പറഞ്ഞാണ് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്നത്തെ എന്റെ രൂപം ആ കഥാപാത്രത്തിന് യോജിച്ചതായിരുന്നു. ചിത്രീകരണത്തിന്റെ പിന്നണിപ്രവര്‍ത്തനങ്ങള്‍ അറിയാ വുന്നതുകൊണ്ടാകണം അഭിനയ ത്തില്‍ പെട്ടെന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞു,’ഷൈന്‍ പറയുന്നു.

ഗദ്ദാമ

കമലിന്റെ സംവിധാനത്തില്‍ 2011ലാണ് ഗദ്ദാമ പുറത്തിറങ്ങിയത്. സിനിമയില്‍ കാവ്യ മാധവന്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രീനിവാസന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Content Highlight: Shine Tom Chacko on his film career and his first film