ഷൈന്‍ ടോമിന്റെ ജന്മദിനത്തില്‍ ' അടി' യുടെ പോസ്റ്റര്‍ പുറത്തിറങ്ങി; ആശംസകളുമായി നിര്‍മാതാവ് ദുല്‍ഖറും
Malayalam Cinema
ഷൈന്‍ ടോമിന്റെ ജന്മദിനത്തില്‍ ' അടി' യുടെ പോസ്റ്റര്‍ പുറത്തിറങ്ങി; ആശംസകളുമായി നിര്‍മാതാവ് ദുല്‍ഖറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th September 2021, 11:30 am

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രം അടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോമിന്റെ ജന്മദിനമായ ഇന്ന് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ് അടി. ഷൈന്‍ ടോമിന് ജന്മദിനാശംസ അറിയിച്ച് ദുല്‍ഖറും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.

ഫായിസ് സിദ്ധിഖാണ് ഛായാഗ്രഹണം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ദിവസങ്ങള്‍ കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ‘അടി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shine Tom Chacko new Movie Adi Poster Released