സിനിമാലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അടുത്തിടെ വിന്‍സി അലോഷ്യസ് നടത്തിയത്. സെറ്റില്‍ തന്നോട് ഒരു നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇത് ചെയ്തത് ഷൈന്‍ ടോം ചാക്കോയാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടു. ശേഷം ഷൈനിനെതിരെ നടപടിയുണ്ടാവുകയും റീഹാബിന് വിധേയനാവുകയും ചെയ്തിരുന്നു.
വിവാദങ്ങള്‍ക്ക് ശേഷം ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഷൈന്‍ ടോമും വിന്‍സിയും. അപകടത്തിന് ശേഷം ആദ്യമായാണ് ഷൈന്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച സൂത്രവാക്യം സിനിമയുടെ പ്രസ് മീറ്റിലാണ് ഷൈനും വിന്‍സിയും ഒന്നിച്ചെത്തിയത്. ഷൈനിനെ മോശക്കാരനായി കാണിക്കാന്‍ വേണ്ടിയല്ല പരാതിപ്പെട്ടതെന്നും അദ്ദേഹത്തോട് തനിക്ക് വിരോധമില്ലെന്നും വിന്‍സി പറഞ്ഞു.
താന്‍ നേരിട്ട് പരിചയപ്പെട്ട ആദ്യത്തെ സെലിബ്രിറ്റി ഷൈന്‍ ടോമാണെന്നും തങ്ങള്‍ ഒരേ ഇടവകക്കരാണെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. അത്രയും ബഹുമാനത്തോടെ കാണുന്ന ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തിയായിരുന്നു ഷൈനില്‍ നിന്ന് ഉണ്ടായതെന്നും എന്നാല്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യണമെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്നും വിന്‍സി പറയുന്നു.
താനും ഒട്ടും പ്രതീക്ഷിക്കാത്ത പ്രവൃത്തിയായിരുന്നു അതെന്ന് ഷൈന്‍ ടോം പറഞ്ഞു. തന്റെ പ്രവൃത്തികളോ പെരുമാറ്റമോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെല്ലാം മാപ്പ് ചോദിക്കുകയാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. നമ്മളില്‍ നിന്നാണ് എപ്പോഴും മാറ്റം വേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ നേരിട്ട് പരിചയപ്പെട്ട ആദ്യത്തെ സിനിമാക്കാരന്‍ ഷൈന്‍ ചേട്ടനാണ്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ സ്‌കൂളിലെ ഒരു പരിപാടിക്കിടെ ഷൈന്‍ ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ഇടവകക്കാരാണ്. അത്രയും അടുത്തറിയാവുന്ന ഒരുപാട് മര്യാദയോടെ കാണുന്ന നടനില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രവൃത്തിയായിരുന്നു അന്ന് ഉണ്ടായത്. അദ്ദേഹത്തെ മോശക്കാരനാക്കി കാണിക്കാന്‍ വേണ്ടിയല്ല പരാതിപ്പെട്ടത്,’ വിന്‍സി പറഞ്ഞു.
‘അന്നത്തെ എന്റെ പ്രവൃത്തി ഞാനും ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ പെരുമാറ്റമോ പ്രവൃത്തിയോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഇവിടെ വെച്ച് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. കാരണം, മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാകേണ്ടത് നമ്മളില്‍ നിന്നാണ്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
റീഹാബ് ചികിത്സക്കായി ബെംഗളൂരുവിലേക്ക് പോകുന്ന വഴി ഷൈന്‍ ടോനും കുടുംബവും സഞ്ചരിച്ചിരുന്ന വണ്ടി അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ താരത്തിന്റെ പിതാവ് ചാക്കോ അന്തരിക്കുകയും ഷൈനിന് പരിക്കേല്ക്കുകയും ചെയ്തു.
Content Highlight: Shine Tom Chacko apologize to Vincy Aloshious during Soothravakyam movie press meet