ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രാസലഹരിക്കേസില്‍ പൊലീസ് പിടിയിലാവുകയും പിന്നീട് റീഹാബിറ്റേഷന് വിധേയനാവുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ചികിത്സക്കായി പോകുന്ന സമയം താരവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറയുകയാണ് ഷൈന്‍ ടോം.
ഓരോ ദിവസവും ലഹരി ഉപയോഗിക്കാതിരിക്കുകയും അതില്‍ നിന്ന് സന്തോഷം കണ്ടെത്തുകയുമാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞു. റീഹാബാണ് ഇപ്പോഴത്തെ തന്റെ ലഹരിയെന്നും ശരീരത്തിന് വന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഷൈന്‍ പറയുന്നു. സംസാരത്തില്‍ ആ മാറ്റം പ്രത്യേകം എടുത്തറിയാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പഴയ അഭിമുഖങ്ങള്‍ എടുത്തുകാണാറുണ്ടെന്നും അതില്‍ നിന്ന് ഇപ്പോള്‍ വന്ന മാറ്റം താന്‍ തിരിച്ചറിയുന്നുണ്ടെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു. അതെല്ലാം ഒരു തരത്തില്‍ പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചവയായിരുന്നെന്നും എന്നിരുന്നാലും അതില്‍ നിന്ന് മാറാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോഴും ടെംപ്‌റ്റേഷനുകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അതൊന്നും ഉപയോഗിക്കാതെ ഇന്നത്തെ ദിവസം കടന്നുപോയെന്ന് പറയുമ്പോള്‍ കിട്ടുന്ന ട്രിപ്പിലാണ് ഞാന്‍. ഞാന്‍ ഇന്ന് ഒന്നും ചെയ്തില്ല, എനിക്ക് സര്‍വൈവ് ചെയ്യാന്‍ സാധിച്ചു, ഇത്രയും ദിവസം സര്‍വൈവ് ചെയ്തു എന്ന് പറയുമ്പോള്‍ കിട്ടുന്ന ലഹരിയിലാണ്. റീഹാബാണ് ഇപ്പോഴത്തെ ലഹരി.
എന്റെ ശബ്ദത്തിലും സംസാരത്തിലും വരുന്ന മാറ്റം മനസിലാകുന്നുണ്ട്. അതുപോലെ എന്റെ പെരുമാറ്റത്തിലും ആ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും. പെരുമാറ്റത്തിലെ മാറ്റമെന്ന് പറയുമ്പോള്‍ ആരെയും അറ്റാക്ക് ചെയ്തിരുന്നയാളായിരുന്നില്ല ഞാന്‍. പക്ഷേ, മറ്റുള്ളവരോട് പെരുമാറുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കുന്നുണ്ട്.
അതുപോലെ എന്റെ പഴയ ഇന്റര്‍വ്യൂ എല്ലാം കാണുന്നുണ്ട്. അതില്‍ ഞാന്‍ പെരുമാറിയിരുന്ന രീതിയല്ല ഇപ്പോഴെന്ന് മനസിലാകുന്നുണ്ട്. അതെല്ലാം ഞാന്‍ മറ്റുള്ളവരെ എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു. അതിലും മാറ്റമുണ്ട്. നമ്മളൊരു പൂമ്പാറ്റയാണെന്നും നമ്മുടെ ചുറ്റിലുമുള്ള ആ കവറിങ് പൊളിച്ച് മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണെന്നും ഇപ്പോള്‍ മനസിലാകുന്നു,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko about his rehab period