അമ്പും വില്ലും ശിവസേനയും ഷിൻഡെ വിഭാഗത്തിന്; യഥാർത്ഥ ശിവസേന ഷിൻഡെ വിഭാ​ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
national news
അമ്പും വില്ലും ശിവസേനയും ഷിൻഡെ വിഭാഗത്തിന്; യഥാർത്ഥ ശിവസേന ഷിൻഡെ വിഭാ​ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 9:42 pm

ന്യൂദൽഹി: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഇതോടെ ഷിൻഡെ വിഭാഗത്തിനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കത്തുന്ന തീപ്പന്തമായിരിക്കും ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ചിഹ്നം. നേരത്തെ സംസ്ഥാനത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉദ്ധവ്താക്കറെ വിഭാഗത്തിന് ഈ ചിഹ്നം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു.

2019ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 76ശതമാനം വോട്ടും ലഭിച്ചത് ഷിൻഡെ വിഭാഗത്തിലെ എം.എൽ.എമാർക്കാണെന്നും 23.5 ശതമാനം മാത്രമാണ് താക്കറെ വിഭാഗം എം.എൽ.എമാർക്ക് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ജൂണിലായിരുന്നു ഏക് നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്, ഏക് നാഥ് ഷിൻഡെയും 39 വിമതരും ശിവസേനയുടെ സഖ്യസർക്കാരായിരുന്ന മഹാവികാസ് അഘാഡിയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു എൻ.സി.പി, കോൺഗ്രസ്, ശിവസേന സഖ്യസർക്കാരായ മഹാവികാസ് അഘാഡി സർക്കാർ താഴെവീണത്.

ഇതിന് പിന്നാലെ ഷിൻഡെയും വിമതരും ബി.ജെ.പിയുമായി ചർച്ച നടത്തുകയും ഏക് നാഥ് ഷിൻഡെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയുമായിരുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതയേറ്റിരുന്നു.

Content Highlight: Shinde faction to get Shiv Sena name and bow-arrow symbol, orders EC