ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ സിംബാബ്‌വേയ്ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 255 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിംബാബ്‌വേയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ 147ന് ഷെവ്‌റോണ്‍സ് പുറത്താകുകയായിരുന്നു.
A fierce batting display from the West Indies for the #T20WorldCup record books 📚
Watch the highlights from their win over Zimbabwe 🎥 https://t.co/flyvHodb2Q pic.twitter.com/vm5vMEYRbT
— ICC (@ICC) February 23, 2026
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. 34 പന്തില്‍ ഏഴ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 85 റണ്‍സാണ് താരം സ്വന്തമാക്കിയത്. 250 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഹെറ്റ്‌മെയറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മാത്രമല്ല താരത്തിനാണ് പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും.
ഇതോടെ ടൂര്‍ണമെന്റില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. നിലവില്‍ ടി-20 ലോകകപ്പ് 2026ല്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമാകാനാണ് ഹെറ്റിക്ക് സാധിച്ചത്. കളിച്ച അഞ്ച് മത്സരത്തില്‍ നിന്ന് 219 റണ്‍സും 17 സിക്‌സും 15 ഫോറുമാണ് താരം നേടിയത്. 185.59 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്.
BOX OFFICE!🍿🎥
Who else enjoyed that innings?🙌🏽#T20WorldCup | #MaroonSpirit | #WIvZIM pic.twitter.com/t3Vg4JGW6n
— Windies Cricket (@windiescricket) February 23, 2026
2026 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയവര്‍, ഇന്നിങ്‌സ്, സിക്‌സര്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 5 – 17*
സഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍) – 4 – 11
ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 4 – 11
ഇഷാന്‍ കിഷന്‍ (ഇന്ത്യ) – 5 – 11
ശിവം ദുബെ (ഇന്ത്യ) – 5 – 11
സൊഹൈബ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 4 – 9
ഹെറ്റിക്ക് പുറമെ നാലാം നമ്പറില്‍ ഇറങ്ങിയ റോവ്മന്‍ പവലാണ് വിന്‍ഡീസിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 35 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. 31 റണ്‍സ് നേടിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് പുറത്താകാതെ ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചു.
ഷെവ്റോണ്‍സിനായി ബ്ലെസ്സിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതവും ഗ്രയാം ക്രീമര്‍, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് രണ്ടാം ഓവറില്‍ തന്നെ താഡിവനാഷെ മരുമാനിയെ നഷ്ടപ്പെട്ടു. എട്ട് പന്ത് നേരിട്ട താരം 14 റണ്‍സിന് മടങ്ങി.
തൊട്ടടുത്ത പന്തില്‍ ബ്രയാന്‍ ബെന്നറ്റിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. അകീല്‍ ഹൊസൈനാണ് വിക്കറ്റ്. അതേ ഓവറില്‍ തന്നെ റയാന്‍ ബേളിനെ മടക്കി ഹൊസൈന്‍ ഡബിള്‍ വിക്കറ്റ് മെയ്ഡനുമായി ഷെവ്റോണ്‍സിന് ഇരട്ട പ്രഹരം നല്കി.
ഡിയോണ്‍ മയേഴ്സ് 28 റണ്‍സും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 27 റണ്‍സും നേടി പുറത്തായി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് സിംബാബ് വേയെ വരിഞ്ഞുമുറുക്കി. 43 റണ്‍സ് നേടിയ ബ്രാഡ് ഇവന്‍സാണ് സിംബാബ് വേക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിത്. ഒടുവില്‍ ടീം 147ന് പുറത്തായി.
വെസ്റ്റ് ഇന്‍ഡീസിനായി ഗുഡാകേഷ് മോട്ടി നാല് വിക്കറ്റ് വീഴ്ത്തി. അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മാത്യൂ ഫോര്‍ഡെ രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും തങ്ങളുടെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.
Content Highlight: Shimron Hetmyer In Great Record Achievement In T20 World Cup 2026
