ചുറ്റും നടക്കുന്ന കാര്യങ്ങളെ തിരുത്താനുള്ള കഴിവ് എപ്പോഴും നമുക്ക് ഉണ്ടാവില്ല; ചര്‍ച്ചയായി രാജ് കുന്ദ്രയുടെ അറസ്റ്റിന് തൊട്ട് മുമ്പ് ശില്‍പ ഷെട്ടിയുടെ പോസ്റ്റ്
Movie Day
ചുറ്റും നടക്കുന്ന കാര്യങ്ങളെ തിരുത്താനുള്ള കഴിവ് എപ്പോഴും നമുക്ക് ഉണ്ടാവില്ല; ചര്‍ച്ചയായി രാജ് കുന്ദ്രയുടെ അറസ്റ്റിന് തൊട്ട് മുമ്പ് ശില്‍പ ഷെട്ടിയുടെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 10:47 pm

വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തിങ്കളാഴ്ചയാണ് പോണ്‍ ചിത്രങ്ങള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റു ചെയ്തത്. അറസ്റ്റ് നടക്കുന്നതിന് മുമ്പ് ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചുറ്റും നടക്കുന്ന കാര്യങ്ങളെ മാറ്റി മറിക്കാനുള്ള ശക്തി ചിലപ്പോള്‍ നമുക്ക് ഉണ്ടാവണമെന്നില്ല എന്നാണ് ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയിയല്‍ കുറിച്ചത്.

‘ചുറ്റും നടക്കുന്ന കാര്യങ്ങളെ മാറ്റി മറിക്കാനുള്ള കഴിവ് എല്ലായിപ്പോഴും നമുക്ക് ഉണ്ടാവണമെന്നില്ല. പക്ഷെ നമ്മുടെ ഉള്ളിലുണ്ടാവുന്നതിനെ നമുക്ക് നിയന്ത്രിക്കാനാകും. അത് നടക്കുന്നത് യോഗയിലൂടെ മാത്രമാണ്. മനസിനെ ശാന്തമാക്കാനുള്ള കഴിവ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അനാവശ്യമായ ചിന്തകളെ ഒഴിവാക്കണം. പലവഴിക്ക് സഞ്ചരിക്കുന്ന ചിന്തകളെ ഏകീകരിക്കാനും ശ്രദ്ധ കൂട്ടാനും താത്രക് മെഡിറ്റേഷനിലൂടെ സാധിക്കും,’ എന്നാണ് ശില്‍പ ഷെട്ടിയുടെ പോസ്റ്റ്.

രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ ഷെട്ടിയുടെ പങ്കിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പ്രഥമ ദൃഷ്ട്യാ ശില്‍പയ്ക്ക് ഇതുമായി പങ്കുള്ളതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് ജോയിന്റ് കമ്മീഷണര്‍ അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shilpa Shetty’s social media post before Raj Kundra’s arrest catches everyone’s attention