കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 16 ആയി ഉയര്‍ന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഷിഗെല്ല കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.
ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ‘ഷിഗെല്ലോസിസ്’ എന്ന രോഗാവസ്ഥയാണിത്. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമായ ഈ രോഗം കുടലിനെയാണ് പ്രധാനമായും ബാധിക്കുന്നത്.
മലിനമായ വെള്ളം, കേടായ ഭക്ഷണം, കഴുകാത്ത പഴങ്ങളും പച്ചക്കറികളും എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരുന്നു. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗവ്യാപനം അതിവേഗം നടക്കും.
രോഗലക്ഷണങ്ങള്‍
വയറിളക്കം (മലത്തില്‍ രക്തം കാണപ്പെടാന്‍ സാധ്യതയുണ്ട്)
പനി, വയറുവേദന, ഛര്‍ദ്ദി, അമിതമായ ക്ഷീണം
ലക്ഷണങ്ങള്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കാം
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമായാല്‍ മരണസാധ്യത കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രോഗവ്യാപനം തടയാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം:
ഭക്ഷണത്തിന് മുന്‍പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുകയും തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുകയും ചെയ്യുക
പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈച്ചകള്‍ വരാത്ത രീതിയില്‍ മൂടിവെക്കുക. പാചകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക. കക്കൂസും കുളിമുറിയും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.