സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 135 ഷിഗല്ല കേസ്; കൂടുതല്‍ കോഴിക്കോട്; നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
Daily News
സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 135 ഷിഗല്ല കേസ്; കൂടുതല്‍ കോഴിക്കോട്; നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2026, 5:38 pm

കോഴിക്കോട്: കേരളത്തില്‍ ഈ വര്‍ഷം ആകെ സ്ഥിരീകരിച്ചത് 135 ഷിഗല്ല കേസുകളെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ജനുവരി മുതലുള്ള കണക്കാണിത്. ജനുവരി മുതല്‍ ജൂണ്‍ വരെ മൂന്ന് പേര്‍ ഷിഗല്ല ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ആണ് ഏറ്റവും കൂടുതല്‍ ഷിഗല്ല രോഗബാധ ഈ വര്‍ഷം സ്ഥിരീകരിച്ചത്. 68 കേസുകളാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്. വയനാട് 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം -ആറ്, ആലപ്പുഴ -ആറ്, തൃശൂര്‍ – നാല്, ഇടുക്കി -മൂന്ന്, എറണാകുളം -രണ്ട്, കണ്ണൂര്‍ -രണ്ട്, കോട്ടയം- ഒന്ന്, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ.

ഈ മാസം 59  ഷിഗല്ല കേസുകകളാണ് സ്ഥിരീകരിച്ചത്.

നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല

നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ സ്ഥിരീകരിച്ചു വരികയാണ്. 2018ല്‍ നിപ വ്യാപനമുണ്ടായിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.

നിപ രോഗിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. നിലവില്‍ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ 29 പേരെ പരിശോധിച്ചിരുന്നു. ഇവര്‍ക്കെല്ലാം നെഗറ്റീവ് ഫലമാണ് പരിശോധനയില്‍ ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

നിപ ബാധിച്ചയാള്‍ക്ക് റിബാവരിന്‍ മരുന്ന് ആദ്യം മുതല്‍ക്ക് തന്നെ നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ തന്നെ ഈ മരുന്ന് നല്‍കിയിരുന്നു. ഇതിന് പുറമെ മോണോക്ലോനല്‍ ആന്റിബോഡിയും നല്‍കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ മൊത്തം സ്‌റ്റോക്കില്ലായിരുന്ന റെംഡിസിവിര്‍ മരുന്ന് ബഹ്‌റൈനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ച് ഇന്ന് കണ്ണൂര്‍ വിമാനത്താവളം വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇതിന്റെ ആദ്യ ഡോസ് രോഗിക്ക് നല്‍കി. സമ്പര്‍ക്ക പട്ടികയില്‍ ആര്‍ക്കും ഇത് വരെ നിപ പോസിറ്റീവ് സ്ഥിരീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ഫാറൂഖ് കോളേജ് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

100 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ നാല് പേര്‍ അപകട സാധ്യത വളരെ കൂടുതലുള്ള വിഭാഗത്തിലാണ്. 14 പേര്‍ അപകട സാധ്യത കൂടിയ വിഭാഗത്തിലും 82 പേര്‍ അപകട സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണ്. സമ്പര്‍ക്കപട്ടികയിലെ 44 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Content Highlight: Shigella, Nipah Updates Kerala