ഇന്നലെ വരെ നിങ്ങള്‍ എനിക്ക് മോഹന്‍ലാലിന്റെ മകളായിരുന്നു. അതിനപ്പുറമൊരു മേല്‍വിലാസം നിങ്ങള്‍ക്ക് ഇല്ലായിരുന്നു.

മോഹന്‍ലാല്‍ എന്ന വന്മരത്തിന്റെ തണലില്‍ ജീവിച്ചു പോകുന്ന, അതിനപ്പുറമൊരു അസ്തിത്വം ഉണ്ടോ എന്നുപോലും അറിയാന്‍ പാടില്ലാത്ത ഒരു വിസ്മയ മാത്രമായിരുന്നു.

എന്നാല്‍, ഇന്ന് നിങ്ങള്‍ ആ മേല്‍വിലാസങ്ങളെയെല്ലാം അഴിച്ചുമാറ്റിയിരിക്കുന്നു. ഏറ്റവും നിര്‍ണായകമായൊരു നിമിഷത്തില്‍ നിങ്ങള്‍ ഉന്നയിച്ച ഒരു ആശങ്ക, നിങ്ങളെ മോഹന്‍ലാല്‍ എന്ന നടന്റെ നിഴലില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.

മറ്റുള്ളവര്‍ പിന്തുണ അറിയിച്ചപ്പോള്‍ അതിനൊപ്പം ചേരുക അല്ല നിങ്ങള്‍ ചെയ്തത്. എല്ലാവരും അറച്ചുനിന്നപ്പോള്‍, യാതൊരു സന്ദേഹവും ഇല്ലാതെ, നിങ്ങള്‍ നിങ്ങളെ വിളിച്ചുപറഞ്ഞു.

വിസ്മയ മോഹന്‍ലാല്‍

ഒരുപക്ഷെ, മോഹന്‍ലാല്‍ പോലും ഇന്നുവരെ ഒഴിഞ്ഞുമാറുക മാത്രം ചെയ്ത ഒരു സന്ദര്‍ഭത്തെ, നിങ്ങള്‍ മറ്റൊരു ബോധ്യം കൊണ്ട് അഭിസംബോധന ചെയ്തു.

നിങ്ങളുടെ അഭിപ്രായത്തിനും അനുഭാവത്തിനും പിന്നില്‍ നിങ്ങള്‍ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ സ്വാധീനമുണ്ട്. അതാണ് നിങ്ങളെ അങ്ങനെയൊരു അഭിപ്രായത്തിനു പ്രാപ്തയാക്കിയത്.

അതുകൊണ്ട്, നിങ്ങള്‍ മോഹന്‍ലാലിന്റെ വില കളയുക അല്ല ചെയ്തത്. അനുഭവം കൊണ്ടും അഭിപ്രായം കൊണ്ടും നിങ്ങളെ നിങ്ങളായിരിക്കാന്‍ അനുവദിച്ച, അതിനുമേല്‍ ചങ്ങല ആവാതിരിക്കാന്‍ ശ്രമിച്ച മോഹന്‍ലാലിനു കൂടുതല്‍ വില നല്‍കുകയാണ് ചെയ്തത്.

Content Highlight: Shibu Goipalakrishnan Writeup on CJP Protest and Vismaya Mohanlal