വാലിബന് മുമ്പ് മറ്റൊരു പ്രൊജക്റ്റ്; അത് ക്യാന്‍സലായതോടെ ലിജോയുടെ അടുത്തെത്തുകയായിരുന്നു: ഷിബു ബേബി ജോണ്‍
Film News
വാലിബന് മുമ്പ് മറ്റൊരു പ്രൊജക്റ്റ്; അത് ക്യാന്‍സലായതോടെ ലിജോയുടെ അടുത്തെത്തുകയായിരുന്നു: ഷിബു ബേബി ജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 8:47 am

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണായിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ലിജോയെ കുറിച്ച് പറയുകയാണ് അദ്ദേഹം. തങ്ങള്‍ ആദ്യം മറ്റൊരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നതെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

‘ഞങ്ങള്‍ ആദ്യം വേറെ ഒരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. പക്ഷേ അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ ചില സംശയങ്ങള്‍ വന്നു. ടെക്‌നിക്കല്‍ ആസ്പെക്റ്റ്‌സിലായിരുന്നു ഈ സംശയം വന്നത്. അതിന്റെ സ്‌ക്രിപ്റ്റ് ഒന്നുകൂടെ കറക്റ്റ് ചെയ്യണമെന്ന് നിലയിലേക്ക് എത്തി.

ആ സമയത്താണ് എന്റെ ഒരു സുഹൃത്ത് വഴി ലിജോയോട് ഏതെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത്. അന്ന് നമുക്ക് ആലോചിക്കാമെന്നായിരുന്നു ലിജോയുടെ മറുപടി. അതിന് ശേഷം ലിജോ വന്ന് ഒരു കഥ പറഞ്ഞു. അത് ഞങ്ങള്‍ക്ക് ഇഷ്ടപെടുകയും അത് അംഗീകരിക്കുകയും ചെയ്തു.

ലിജോയുടെ പടങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എല്ലാമൊന്നും കണ്ടിരുന്നില്ല. അന്ന് ലിജോ പറഞ്ഞ കഥ വളരെ രസകരമായിരുന്നു. എനിക്കും ലാലിനും ആ കഥ ഇഷ്ടമായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ലിജോ അതിന് ഒരു പ്രശ്‌നമുണ്ടെന്നും ആ സ്‌ക്രിപ്റ്റ് ശരിയാവില്ലെന്നും പറഞ്ഞു.

അന്ന് ഞങ്ങള്‍ ആകെ ഷോക്കായി. ലാലിന് ആ കഥ ഇഷ്ടപെട്ടിരുന്നു. ആള്‍ കഥ കേട്ട ശേഷം ഷൂട്ടിങ്ങിന് വേണ്ടി മൊറൊക്കോയിലേക്ക് പോയിരുന്നു. അതിന് ശേഷമാണ് ലിജോ വര്‍ഷങ്ങളായി മനസിലുള്ള മറ്റൊരു കഥ പറയുന്നത്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.


Content Highlight: Shibu Baby John Talks About Lijo Jose Pellissery