എഡിറ്റര്‍
എഡിറ്റര്‍
പ്രാര്‍ത്ഥനകള്‍ വിഫലം: ടെക്‌സാസില്‍ കാണാതായ ഇന്ത്യന്‍ ബാലികയുടെ മൃതദേഹം വീടിനടുത്തുള്ള കലുങ്കില്‍ കണ്ടെത്തി
എഡിറ്റര്‍
Monday 23rd October 2017 7:40am

ടെക്‌സാസ്: അമേരിക്കയില്‍ കഴിഞ്ഞ 15 ദിവസമായി കാണാതായ ഇന്ത്യന്‍ ബാലിക ഷെറിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

അമേരിക്കന്‍ സമയം രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷെറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴ് ശനിയാഴ്ച മുതലാണ് ഷെറിന്‍ മാത്യൂസിനെ കാണാതായത്. പുലര്‍ച്ചെ മൂന്നു മണിക്ക് പാല്‍കുടിച്ചില്ല എന്ന കാരണം പറഞ്ഞ് കുഞ്ഞിനെ പുറത്ത് ഒരു മരത്തിനു കീഴെ കൊണ്ടുനിര്‍ത്തി വീട്ടിലേക്കു തിരിച്ചുപോന്നു പതിനഞ്ച് മിനിറ്റു കഴിഞ്ഞു ചെന്നുനോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നാണ് ഷെറിന്റെ പിതാവ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മണിക്കൂറുകള്‍ക്കുശേഷം രാവിലെ എട്ടുമണിയോടെയാണ് പിതാവ് വെസ്ലി മാത്യൂസ് പൊലീസിനെ വിവരമറിയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വെസ്ലി മാത്യൂസും കുടുംബവും സംശയത്തിന്റെ നിഴലിലാണ്. പുലര്‍ച്ചെ മൂന്നു മണിക്ക് ആരെങ്കിലും കുഞ്ഞിനെ ഇത്തരത്തില്‍ പുറത്തുനിര്‍ത്തുമോയെന്ന പൊലീസിന്റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. ഇതിനു പുറമേ പൊലീസിനെ അറിയിക്കാന്‍ വൈകിയതിനും അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.


Also Read:ആ പിഞ്ചുകുഞ്ഞിനെ അവര്‍ എന്തു ചെയ്തു?


സംഭവവുമായി ബന്ധപ്പെട്ട് വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഷെറിനെ കാണാതായെന്നു പറയുന്ന സമയത്ത് വെസ്ലിയുടെ വീട്ടില്‍ നിന്നും ഒരു കാര്‍ പുറത്തേക്കു പോയി മടങ്ങിവരുന്നത് സമീപത്തുള്ള വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതും വെസ്ലിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു.

ഷെറിനുവേണ്ടി യു.എസിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഷെറിനെ കാണാതായി എന്നു പറയുന്ന മരത്തിനു സമീപം നിരവധി പേര്‍ ഒത്തുകൂടുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

ഷെറിന് വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉണ്ടായിരുന്നു.


Don’t Miss: ‘വെല്‍ഡണ്‍ മെരസല്‍’; വിജയ് ചിത്രം മെരസലിനു പിന്തുണയുമായി രജനീകാന്ത്


2016 ജൂലൈയിലാണ് ബീഹാറിലെ നളന്ദയില്‍ നിന്ന് ഷെറിനെ വെസ്ലി ദമ്പതികള്‍ ദത്തെടുക്കുന്നത്. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കു ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്ക് കൂട്ടായി ഒരു പെണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്താലാണ് നളന്ദയിലെ മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് രണ്ടു വയസ്സുകാരി ഷെറിനെ ദത്തെടുക്കുന്നത്. സരസ്വതി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ഗയയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സരസ്വതിയെ കണ്ടെത്തിയത്.

Advertisement