ആര്യാമാ സുന്ദരത്തിന്റെ പിന്മാറ്റം: ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ശേഖര്‍ നഫ്‌ഡെ ഹാജാരാകും
Kerala News
ആര്യാമാ സുന്ദരത്തിന്റെ പിന്മാറ്റം: ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ശേഖര്‍ നഫ്‌ഡെ ഹാജാരാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 1:52 pm

 

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി അഭിഭാഷകനായ ശേഖര്‍ നഫ്‌ഡെ ഹാജരാകും. ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാവുന്നതില്‍ നിന്നും ആര്യാമ സുന്ദരം പിന്മാറിയ സാഹചര്യത്തിലാണിത്.

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകുമെന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പറഞ്ഞത്. എന്നാല്‍ കേസില്‍ ഹാജരാവുന്നതില്‍ നിന്നും ആര്യാമ സുന്ദരം പിന്മാറുകയായിരുന്നു.

നേരത്തേ എന്‍.എസ്.എസിന് വേണ്ടി ഹാജരായതു കാരണം ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാവില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അസൗകര്യം അദ്ദേഹം ബോര്ഡിനെ അറിയിച്ചിരുന്നു. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന എതിര്‍ക്കുന്ന മറ്റൊരു ഹര്‍ജിക്കാരന്‍ ആര്യാമയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Also Read:“ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം”; സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

ആര്യാമ സുന്ദരത്തിന്റെ പിന്മാറ്റത്തിനു പിന്നില്‍ ഒരു പ്രമുഖ സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ബോര്‍ഡ് ഇടപെടുന്നില്ല എന്ന് ആക്ഷേപിക്കുന്ന സംഘടന തന്നെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മൂന്ന് റിട്ട് ഹര്‍ജികളാണ് നവംബര്‍ 13ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. യുവതീ പ്രവേശനത്തില്‍ കോടതി നിലപാട് ആരാഞ്ഞാല്‍ മാത്രം നിലപാട് അറിയിക്കുകയെന്ന തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ്.

യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷാവസ്ഥ കോടതിയെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.