ന്യൂനപക്ഷങ്ങളെ കൊന്ന് കത്തിക്കുന്നു; യൂനുസിനെതിരെ ഷെയ്ഖ് ഹസീന
World News
ന്യൂനപക്ഷങ്ങളെ കൊന്ന് കത്തിക്കുന്നു; യൂനുസിനെതിരെ ഷെയ്ഖ് ഹസീന
ആദര്‍ശ് എം.കെ.
Friday, 26th December 2025, 6:54 am

ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

മുഹമ്മദ് യൂനുസ് ഭരണത്തില്‍ മുസ്‌ലിങ്ങളല്ലാത്ത രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കൊടിയ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ ഷെയ്ഖ് ഹസീന പറഞ്ഞു.

‘പ്രത്യേകിച്ചും അമുസ്‌ലിങ്ങള്‍ക്കെതിരെ അവര്‍ പറഞ്ഞറിയിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അതിക്രമങ്ങള്‍ നടത്തുന്നു. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നതുപോലുള്ള ഭയാനകമായ മാതൃകകളാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഈ ഇരുണ്ട കാലം തുടരാന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ അനുവദിക്കില്ല എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്,’ അവര്‍ പറഞ്ഞു.

‘ഈ ക്രിസ്തുമസ് ആഘോഷ വേളയില്‍ എല്ലാ ക്രിസ്ത്യന്‍ സഹോദരി സഹോദരങ്ങള്‍ക്കും സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഞാന്‍ നേരുന്നു. ഇരുട്ട് പ്രഭാതത്തിന് വഴി മാറട്ടെ, ബംഗ്ലാദേശ് എന്നെന്നും നിലനില്‍ക്കട്ടെ,’ ക്രിസ്തുമസ് സന്ദേശത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്ത സംഘം ജനങ്ങളുടെ വിശ്വാസങ്ങളില്‍ ഇടപെടുകയാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും നിലവിലെ സര്‍ക്കാരാണ് ഉത്തരവാദികളെന്നും ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി.

മതനിന്ദ ആരോപിച്ച് മൈമെന്‍സിങ്ങില്‍ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം കൊന്ന് കത്തിച്ചതിനെ കുറിച്ചും ഷെയ്ഖ് ഹസീന പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നതുപോലുള്ള ഭയാനകമായ മാതൃകകളാണ് മുഹമ്മദ് യൂനുസ് ഭരണത്തില്‍ സംഭവിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കൂട്ട കൊലയെ സര്‍ക്കാര്‍ അപലപിച്ചിരുന്നു. ഇരയായ യുവാവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

 

Content Highlight: Sheikh Hasina slams Muhammad Yunus government

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.