ന്യൂദല്‍ഹി: ബംഗ്ലാദേശ് വധശിക്ഷയ്ക്ക് വിധിച്ച മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയെ കൈമാറുന്ന വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ.
ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന ലഭിച്ചതായും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍, ആഭ്യന്തര നിയമപ്രക്രിയകളുടെ ഭാഗമായി വിഷയം പരിശോധിച്ചുവരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിലെ ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുള്‍പ്പെടെയുള്ള താത്പര്യങ്ങള്‍ക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ബുധനാഴ്ച പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം നടന്ന ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഭരണം നഷ്ടമായത്. തുടര്‍ന്ന് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. 2024 ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന.
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താനായും ഭരണം നിലനിര്‍ത്താനുമായി കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ഹസീനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.
ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യുണല്‍ കോടതിയാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. നവംബര്‍ 17നായിരുന്നു വിധി പുറപ്പെടുവിച്ചത്. പിന്നാലെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.
കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വ രഹിതമായ പ്രവൃത്തികള്‍ എന്നീ പരാതികളില്‍ ഷെയ്ഖ് ഹസീനകുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ഹസീന ചെയ്തിട്ടുണ്ടെന്നും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ വേണ്ടി ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി.
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 1400 പേരില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരിച്ചതെന്നും അതില്‍ 15 ശതമാനത്തോളം കുട്ടികളാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Sheikh Hasina’s extradition: India says it is looking into it; responds to Bangladesh