ഞങ്ങളുടെ കൈകളില്‍ കൂട്ടക്കൊലയുടെ രക്തക്കറയോ, ഞങ്ങള്‍ക്ക് കുടുംബ രാഷ്ട്രീയത്തിന്റെ പാരമ്പര്യമോ ഇല്ല; ജമ്മു കശ്മീര്‍ പീപീള്‍സ് മൂവ്‌മെന്റിനെക്കുറിച്ച് ഷെഹ്‌ല റാഷിദ്
national news
ഞങ്ങളുടെ കൈകളില്‍ കൂട്ടക്കൊലയുടെ രക്തക്കറയോ, ഞങ്ങള്‍ക്ക് കുടുംബ രാഷ്ട്രീയത്തിന്റെ പാരമ്പര്യമോ ഇല്ല; ജമ്മു കശ്മീര്‍ പീപീള്‍സ് മൂവ്‌മെന്റിനെക്കുറിച്ച് ഷെഹ്‌ല റാഷിദ്
ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 5:18 pm

ന്യൂദല്‍ഹി: കശ്മീരിനോട് പതിറ്റാണ്ടുകളായി മാറി വരുന്ന കേന്ദ്ര സര്‍ക്കാറുകള്‍ കാണിക്കുന്ന അനീതിയും, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ താഴ് വരിയിലുണ്ടായ അഭൂതപൂര്‍വമായ രക്ത ചൊരിച്ചിലും ചൂണ്ടിക്കാട്ടിയാണ് ഷാ ഫൈസല്‍ എന്ന ഐ.എ.എസ് ഓഫീസര്‍ സര്‍വീസില്‍ നിന്നും രാജി വെച്ച് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്.

ഇന്ന് ജമ്മു കശ്മീര്‍ പീപിള്‍സ് മൂവ്‌മെന്റ് എന്ന തന്റെ പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഷാ ഫൈസലിനോടൊപ്പം ഇന്ത്യയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മുഖമായി മാറിയ ഷെഹ്‌ല റാഷിദ് കൂടെയുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞടെുപ്പില്‍ മത്സരിച്ച് ജയിക്കുന്ന കശ്മീരില്‍ നിന്നുള്ള ആദ്യ വനിതയാണ് ഷെഹ്‌ല. ഷെഹ്‌ല ജെ.എന്‍.എസ്.യു വൈസ് പ്രസിഡന്റ് ആയിരിക്കേയാണ് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ ദേശ വിരുദ്ധ മുദ്രാവക്യം മുഴക്കി എന്നാരോപിച്ച് ദല്‍ഹി പൊലീസ് ഷെഹ്‌ല, കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, തുടങ്ങി പത്തു പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

രാഷ്ട്രീയത്തിലിറങ്ങുന്ന തനിക്കോ ഷാ ഫൈസലിനോ മറ്റ് മുഖ്യധാരാ പാര്‍ട്ടികളെ പോലെ കുടുംബ രാഷ്ട്രീയത്തിന്റെ പാരമ്പര്യമോ, തങ്ങളുടെ കൈകളില്‍ കൂട്ടക്കൊലകളുടെ രക്തക്കറയോ ഇല്ലെന്ന് ഷെഹ്‌ല റാഷിദ് ന്യൂസ്‌ലോണ്ട്രിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കശ്മീരിലെ അനിശ്ചിതത്വം അവസാനിപ്പിച്ച്, സംസ്ഥാനത്ത് വികസനം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് ഷെഹ്‌ല പറയുന്നു.

2014ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് തന്നെ രാഷ്ട്രീയത്തോട് കൂടുതലടുപ്പിച്ചതെന്ന് ഷെഹ്‌ല പറയുന്നു. കശ്മീരി ജനതയെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും, ആര്‍ട്ടിക്കിള്‍ 35-എ എടുത്തു കളയാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നും ഷെഹ് ല ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിയെ പോലെ ഒരു ഫാസിസ്റ്റു പാര്‍ട്ടിയുമായി തങ്ങള്‍ ഒരിക്കലും ചേര്‍ന്നു പോകില്ലെന്നു പറയുന്ന ഷെഹ്‌ല, കഠ്‌വ സംഭവ സമയത്തു പോലും ബി.ജെ.പിയുമായി സഖ്യത്തില്‍ തുടര്‍ന്ന പി.ഡി.പിയുടെ നിലപാടിനെ വിമര്‍ശിക്കുന്നുണ്ട്.

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന്, ജമാഅത്തെ ഇസ്‌ലാമിയെ എന്തു കൊണ്ട് നിരോധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ എന്തു കൊണ്ടും ആര്‍.എസ്.എസിനും ബാധകാണെന്നായിരുന്നു ഷെഹ്‌ലയുടെ പ്രതികരണം.

അജ്മീര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമാണെന്നും, എന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന സത്വപ്രതിസന്ധിയുടെയും, കേന്ദ്ര സര്‍ക്കാറിന് കശ്മീര്‍ വിഷയത്തിലുള്ള ഇരട്ടത്താപ്പുമാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും ആര്‍.എസ്.എസിനെ നിരോധിക്കാതിരിക്കുകയും ചെയ്തത് വഴി വ്യക്തമാവുന്നതെന്നും ഷെഹ്‌ല പറയുന്നു.

ഈ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടി പ്രാരംഭദശയില്‍ ആയതിനാല്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായിരിക്കും ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്ന് എന്നായിരുന്നു ഷെഹ് ലയുടെ പ്രതികരണം

എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഷെഹ്‌ല ഇപ്പോള്‍ ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്.