15ാം വയസ്സില്‍ ദേശീയ ടീമില്‍, 19ാം വയസില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍; കോഹ്‌ലിക്കും ധോണിക്കുമൊപ്പം ഇനി ഇവളും | D Sports
ആദര്‍ശ് എം.കെ.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്ക ലിപികള്‍ കൊണ്ട് എഴുതിവെക്കപ്പടാന്‍ പോകുന്ന പേരാണ് ഷെഫാലി വര്‍മയുടേത്. പ്രഥമ അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് ഷെഫാലി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികള്‍ ഒന്നാകെ ഏറ്റുവാങ്ങുന്നത്.

ഇന്ത്യക്കായി കിരീടം നേടിക്കൊടുത്ത എട്ടാമത് ക്യാപ്റ്റനാണ് ഷെഫാലി വര്‍മ, വനിതാ ക്രിക്കറ്റില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്ന ആദ്യ ക്യാപ്റ്റനും. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ നേടുന്ന ആറാമത് കിരീടമാണിത്. അഞ്ച് തവണ ഇന്ത്യയുടെ പുരുഷ താരങ്ങള്‍ കിരീടം ചൂടിച്ചപ്പോള്‍ വനിതാ ക്രിക്കറ്റില്‍ ഈ 18 വയസുകാരി ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു.

കപില്‍ ദേവ്, മുഹമ്മദ് കൈഫ്, എം.എസ്. ധോണി, വിരാട് കോഹ്‌ലി, ഉന്‍മുക്ത് ചന്ദ്, പൃഥ്വി ഷാ, യാഷ് ധുള്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യയെ കിരീടം ചൂടിക്കുന്ന ക്യാപ്റ്റനാകാനും ഇതോടെ ഷെഫാലിക്കായി.

15ാം വയസില്‍ ഇന്ത്യയുടെ ദേശീയ ജേഴ്‌സിയണിഞ്ഞാണ് ഷെഫാലി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ചെറുപ്പത്തിന്റെ അങ്കലാപ്പുകളില്ലാതെ ബാറ്റ് വീശിയ ഷെഫാലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ ശതകം നേടിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകളും സ്വന്തമാക്കിയിരുന്നു.

ഷെഫാലി വര്‍മയെന്ന പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍മ വരിക 2020 ലോകകപ്പിന്റെ ഫൈനലില്‍ ഓസീസിനോട് തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞ അവളുടെ മുഖമായിരിക്കും.

എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഐ.സി.സിയുടെ മറ്റൊരു ഫൈനലില്‍ കൂടി ഷെഫാലിയുടെ കണ്ണുനീര്‍ വീണിരിക്കുകയാണ്, അത് ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയതിന്റെ സന്തോഷത്തില്‍ നിറഞ്ഞൊഴുകിയതാണെന്ന് മാത്രം. കാലത്തിന്റെ കാവ്യനീതി തന്നെയാണിതെന്ന് ഉറപ്പിച്ചു പറയാം.

കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ മേധാവിത്വമായിരുന്നു കണ്ടത്. ത്രീ ലയണ്‍സിന്റെ മണ്ണിലേക്ക് മറ്റൊരു ഐ.സി.സി കിരീടമെന്ന സ്വപ്‌നവുമായെത്തിയ ഇംഗ്ലണ്ട് താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടായിരുന്നു ഷെഫാലിയുടെ ഇന്ത്യന്‍ ടീം പ്രഥമ കിരീടം സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൈറ്റസ് സാധുവിന്റെ ബൗളിങ് മികവില്‍ ഇന്ത്യ എതിരാളികളെ വെറും 68 റണ്‍സിന് എറിഞ്ഞിട്ടു. നാല് ഓവര്‍ പന്തെറിഞ്ഞ് ആറ് റണ്‍സ് മാത്രം വഴങ്ങി സാധു രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.

സാധുവിന് പുറമെ അര്‍ച്ചന ദേവിയും സെമിയില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറായ പര്‍ഷാവി ചോപ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മന്നത്ത് കശ്യപും സോനം യാദവും ഒപ്പം ക്യാപ്റ്റന്‍ ഷെഫാലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പതനം പൂര്‍ത്തിയായി.

69 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ അനായാസ വിജയം കൈപ്പിടിയിലൊതുക്കുകയും ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുകയുമായിരുന്നു.

ഈ ലോകകപ്പ് വിജയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് നല്‍കുന്ന ഊര്‍ജം ചെറുതായിരിക്കില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ഐ.സി.സി ടി-20 വനിതാ ലോകകപ്പിന് ഇവരുടെ വിജയം നല്‍കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും വളരെ വലുതാണ്. ഇതിന് പുറമെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന വനിതാ ഐ.പി.എല്ലും ഇന്ത്യന്‍ വുമണ്‍സ് ക്രിക്കറ്റിന് മുമ്പോട്ടുള്ള ഡ്രൈവിങ് ഫോഴ്‌സ് നല്‍കുമെന്നുറപ്പാണ്.

 

Content Highlight: Shefali Verma’s captaincy made India champions in the ICC U-19 T-20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.