അഭിനേതാവ്, നിര്‍മാതാവ് എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഷീലു എബ്രഹാം. 2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയജീവിതം ആരംഭിച്ചത്. അവരുടെ ഉടമസ്ഥതയിലുള്ള അബാം മൂവീസാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലും തമിഴിലുമായി 20ലധികം ചിത്രങ്ങള്‍ ഷീലു എബ്രഹാം നിര്‍മിക്കുകയും അതിലെല്ലാം അഭിനയിക്കുകയും ചെയ്തു.
ഇത്രയും കാലത്തെ അഭിനയജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു എബ്രഹാം. ആദ്യചിത്രമായ വീപ്പിങ് ബോയ്‌യില്‍ നിന്ന് ഏറ്റവുമൊടുവിലത്തെ സിനിമയിലേക്ക് എത്തിയപ്പോള്‍ നടിയെന്ന നിലയില്‍ താന്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന് ഷീലു എബ്രാം പറഞ്ഞു. ഓരോ സിനിമയും തന്നില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും അതിലൂടെയെല്ലാം താന്‍ വളര്‍ന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ച എന്ന് പറയുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാറായിട്ടുള്ള വളര്‍ച്ചയായല്ല താന്‍ കാണുന്നതെന്നും തന്റെ വ്യക്തിത്വത്തില്‍ വന്ന മാറ്റത്തെയാണ് ഉദ്ദേശിക്കുന്നതെന്നും ഷീലു എബ്രഹാം പറയുന്നു. പ്രേക്ഷകര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് താന്‍ ചിന്തിക്കാറില്ലെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷീലു എബ്രഹാം.
‘ഓരോ സിനിമയും എന്നില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ഞാന്‍ വളര്‍ന്നിട്ടുണ്ട്. നടിയെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു എന്ന് പറയുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തിലുള്ള വളര്‍ച്ചയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെയുള്ളിലെ വ്യക്തിത്വത്തിന് ഒരു വളര്‍ച്ചയുണ്ടാകുമല്ലോ. അതിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്.
പബ്ലിക്കലി എന്നെപ്പറ്റി ജനങ്ങള്‍ എന്ത് പറയുന്നു എന്ത് ചിന്തിക്കുന്നു എന്ന കാര്യത്തില്‍ ഞാന്‍ അധികം ശ്രദ്ധ നല്‍കാറില്ല. അത് എന്നെ ബാധിക്കുന്ന കാര്യവുമല്ല. അതിനെ മാറ്റിക്കൊണ്ട് ഞാന്‍ എന്ന വ്യക്തിക്ക് വന്ന വളര്‍ച്ചയാണ് ഇവിടെ പറയുന്നത്. ആദ്യത്തെ സിനിമയായ വീപ്പിങ് ബോയ്‌യിലും പിന്നീട് വന്ന ഷീ ടാക്‌സിയിലും ഞാന്‍ പുതിയ ആളായിരുന്നു.
എനിക്ക് ആദ്യമായി പ്രശംസ നേടിത്തന്ന സിനിമ പുതിയ നിയമമാണ്. അതിനിടയില്‍ ചെയ്ത കനലിലും അത്യാവശ്യം നന്നായി ചെയ്തു എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഷീ ടാക്‌സിയില്‍ പുതുമുഖമായിരുന്നെങ്കിലും ആ കഥാപാത്രം ബബ്ലിയായതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, പുതിയ നിയമത്തിലൂടെയാണ് പ്രശംസ ലഭിച്ചത്,’ ഷീലു എബ്രഹാം പറഞ്ഞു.
Content Highlight: Sheelu Abraham about her acting career