അഭിനയത്തിലും നിര്‍മാണത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഷീലു എബ്രഹാം. ശ്രീനിവാസന്‍ നായകനായ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും 20ന് മുകളില്‍ ചിത്രങ്ങളില്‍ ഷീലു ഭാഗമായി. ഈ ചിത്രങ്ങളെല്ലാം നിര്‍മിച്ചത് ഇവരുടെ ഉടമസ്ഥതയിലുള്ള അബാം മൂവീസാണ്.
താന്‍ നിര്‍മിച്ച സിനിമകളില്‍ റിസ്‌ക് കുറഞ്ഞ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു എബ്രഹാം. തുടക്കത്തില്‍ ചെയ്ത സോളോ,പുത്തന്‍ പണം എന്നീ സിനിമകളില്‍ തനിക്ക് റിസ്‌ക് കുറവായിരുന്നെന്ന് ഷീലു പറഞ്ഞു. ആ സിനിമകളിലെല്ലാം വലിയ താരങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാല്‍ ബിസിനസുകളെല്ലാം വളരെ വേഗത്തില്‍ നടന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആ സിനിമകളിലെല്ലാം നായകനെയും മറ്റ് താരങ്ങളെയും ആദ്യമേ സംവിധായകന്‍ തീരുമാനിച്ചിരുന്നെന്നും അതിന്‍ അത്തരം കാര്യങ്ങളിലും തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നില്ലെന്നും അവര്‍ പറയുന്നു. ഈയടുത്ത് ചെയ്ത ചില സിനിമകളില്‍ അത്ര വലിയ സ്റ്റാര്‍ ഇല്ലാത്തതിനാല്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷീലു എബ്രഹാം.
‘ആദ്യകാലത്ത് ചെയ്ത സോളോ, പുത്തന്‍ പണം, പുതിയ നിയമമൊക്കെ റിസ്‌ക് കുറഞ്ഞ സിനിമകളായിരുന്നു. കാരണം, ആ പടത്തിലേക്കുള്ള നടന്മാരെ സംവിധായകര്‍ ആദ്യമേ തീരുമാനിച്ച് വെച്ചിട്ടുണ്ടായിരുന്നു. അവരെ ഡയറക്ടര്‍ കണ്‍വിന്‍സ് ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് റിസ്‌ക് കുറവായിരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു.
മാത്രമല്ല, വലിയ സ്റ്റാറുകള്‍ ഉള്ളതുകൊണ്ട് ബിസിനസും അതിന്റെ കൂടെ നടന്നു. വലിയ ലാഭം കിട്ടിയില്ലെങ്കിലും സേഫായിട്ടുള്ള സ്ഥലത്ത് നില്‍ക്കാന്‍ സാധിച്ചു എന്നതാണ് ആ സിനിമകളുടെ പ്രത്യേകത. പിന്നെ അത് മാത്രമല്ല, പുത്തന്‍ പണം എന്ന പടം ഡയറക്ട് ചെയ്തത് രഞ്ജിത് സാറായിരുന്നു. ഒരുപാട് എക്‌സ്പീരിയന്‍സുള്ള ഡയറക്ടറാണ് അദ്ദേഹം.
അങ്ങനെയുള്ള രഞ്ജിത് സാര്‍ ഒരിക്കലും പ്രൊഡ്യൂസറുമായി കോംപ്രമൈസ് ചെയ്യില്ല. അവര്‍ പറയുന്നത് അദ്ദേഹം വിലക്കെടുക്കാറില്ല. അദ്ദേഹം ആദ്യം തീരുമാനിച്ചതില്‍ നിന്ന് ഒരിഞ്ച് പോലും മാറില്ല. പുത്തന്‍ പണം വര്‍ക്കാകാതെ പോയതില്‍ ഒരു ശതമാനം പോലും എനിക്ക് പങ്കില്ലെന്ന് ആ കാരണം കൊണ്ട് പറയാനാകും,’ ഷീലു എബ്രഹാം പറയുന്നു.
Content Highlight: Sheelu Abraham about director Renjith and Puthan Panam movie