നടിമാരെല്ലാം സുരക്ഷിതമായി പോയോയെന്ന് ഉറപ്പാക്കിയേ അദ്ദേഹം സെറ്റില്‍ നിന്ന് പോകൂ: ഷീല
Malayalam Cinema
നടിമാരെല്ലാം സുരക്ഷിതമായി പോയോയെന്ന് ഉറപ്പാക്കിയേ അദ്ദേഹം സെറ്റില്‍ നിന്ന് പോകൂ: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 12:37 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീലക്ക് രണ്ട് പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.

1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. ഇതിനിടയില്‍ പ്രേം നസീര്‍, സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമല്‍ ഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ ഷീലക്ക് സാധിച്ചു.

ഇപ്പോള്‍ നടന്‍ സത്യനെ കുറിച്ച് പറയുകയാണ് ഷീല. തന്റെ ജീവിതത്തില്‍ താന്‍ ഇന്നും കൊണ്ടുനടക്കുന്ന പല ചിട്ടകളും രൂപപ്പെടുത്തിയതില്‍ സത്യന്‍ മാസ്റ്റര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് നടി പറയുന്നത്. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ വേണമെന്ന വാശിക്കാരനായിരുന്നു അദ്ദേഹമെന്നും ഷീല പറഞ്ഞു.

‘രാവിലെ ഏഴ് മണിക്കാണ് ഷൂട്ടിങ്ങെന്ന് പറഞ്ഞാല്‍ ഏഴ് മണിക്ക് അദ്ദേഹം സെറ്റിലുണ്ടാവും. അതും മേക്കപ്പണിഞ്ഞ് അഭിനയിക്കാന്‍ റെഡിയായിട്ട് നില്‍ക്കുകയാവും. നമ്മള്‍ സമയം വൈകി എത്തിയാല്‍ അദ്ദേഹം നമ്മളെ നോക്കും.

എന്നിട്ട് സ്വയം ‘ഞങ്ങള്‍ ഇവിടെ വേറെ ജോലിക്കൊന്നും വന്നതല്ല, ഒരു ജോലി തന്നാല്‍ അതിന് നേരമൊക്കെ പാലിക്കണം’ എന്ന് പറയും. നമ്മള്‍ കേള്‍ക്കാനായാണ് പറയുക. എന്നാല്‍ നമ്മളോടല്ല താനും,’ ഷീല പറയുന്നു.

സത്യന്‍ മാസ്റ്റര്‍ സെറ്റിലുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൃത്യനിഷ്ഠയാണെന്നും അത്തരം കാര്യങ്ങളിലൊക്കെ വലിയ നിര്‍ബന്ധമായിരുന്നു മാസ്റ്ററിനെന്നും നടി പറഞ്ഞു. ശരിക്കും പട്ടാളച്ചിട്ടയാണെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

ഇന്നും എവിടെ ഏത് പരിപാടിയില്‍ പങ്കെടുക്കാനായാലും താന്‍ കൃത്യസമയത്ത് തന്നെ പോകുമെന്നും അദ്ദേഹത്തില്‍ നിന്നാണ് താനത് പഠിച്ചതെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷീല.

‘അന്നൊക്കെ ഷൂട്ടിങ് കാണാന്‍ വലിയ ജനക്കൂട്ടമായിരിക്കും. ഇന്നത്തെ പോലെ അവരെ നിയന്ത്രിക്കാന്‍ സംവിധാനമൊന്നുമില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ നടിമാരെല്ലാം സുരക്ഷിതമായി വണ്ടിയില്‍ കയറി പോയോ എന്നൊക്കെ ഉറപ്പാക്കിയിട്ടേ അദ്ദേഹം സെറ്റില്‍ നിന്ന് പോകൂ. വലിയൊരു സുരക്ഷിതത്വമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം,’ ഷീല പറയുന്നു.

Content Highlight: Sheela Talks About Actor Sathyan Master