സംസ്ഥാനത്ത് ഇനി ഷീ ടൂറിസം; വിനോദസഞ്ചാരമേഖലയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ 1.50 കോടിയുടെ ധനസഹായം
Tourism in Kerala
സംസ്ഥാനത്ത് ഇനി ഷീ ടൂറിസം; വിനോദസഞ്ചാരമേഖലയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ 1.50 കോടിയുടെ ധനസഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 10:37 am

കോഴിക്കോട്: സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ സ്ത്രീ കേന്ദ്രീകൃതമാക്കാന്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീ സൗഹൃദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനമായി.

ഈ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ രൂപികരിക്കനുമായി ടൂറിസം വകുപ്പ് 1.50 കോടി അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയില്‍ തന്നെ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.

നിലവില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഹോംസ്‌റ്റേകള്‍ക്കും തദ്ദേശീയമായ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്‌റുകള്‍ക്കും സഹായങ്ങള്‍ നല്‍കുന്നതിന് പുറമെയാണിത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയമായി ഭക്ഷണം നല്‍കുന്ന സംരഭകര്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിക്കും.

വിനോദസഞ്ചാരമേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ജെന്‍ഡര്‍ ഓഡിറ്റും സ്ത്രീ സൗഹൃദ ടൂറിസം നയവും നടപ്പിലാക്കും. ഹോസ്‌റ്റേകള്‍ക്കും ഉത്തരവാദിത്വ ടൂറിസം ക്ലബ്ബുകള്‍ക്കും ധനസഹായം നല്‍കാന്‍ 30 ലക്ഷം രൂപ അനുവദിക്കും. യു.എന്‍ വുമണിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ആഗോള ലിംഗസമത്വ ഉത്തരവാദിത്വ വനിത സമ്മേളനത്തിന്റെ പിന്നാലെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സത്രീകള ടൂറിസം മേഖലയില്‍ മുന്നോട്ട് കൊണ്ടുവരുന്നതിനും സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരം നല്‍കുന്നതിനാണ് കേരള ടൂറിസം മുന്‍കൈ എടുത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

സംസ്ഥാനത്തെ ടൂറിസത്തെ സ്ത്രീ സൗഹൃദമാക്കാന്‍ നയരൂപീകരണവും ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. അതിന്റെ തുടക്കമാണ് ധനസഹായം നല്‍കിക്കൊണ്ടുള്ള ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: She Tourism in the state; Financial assistance of Rs. 1.50 crore to increase women’s representation in the tourism sector