ആ നടി നന്നായി അഭിനയിച്ചു, പക്ഷേ തിരക്കഥയില്‍ ഇടപെടാന്‍ പറ്റിയില്ലെങ്കില്‍ അത്തരം സിനിമകളില്‍ നിന്ന് മാറിനില്‍ക്കണം: ഷീല
Malayalam Cinema
ആ നടി നന്നായി അഭിനയിച്ചു, പക്ഷേ തിരക്കഥയില്‍ ഇടപെടാന്‍ പറ്റിയില്ലെങ്കില്‍ അത്തരം സിനിമകളില്‍ നിന്ന് മാറിനില്‍ക്കണം: ഷീല
ആര്യ.പി
Wednesday, 22nd July 2026, 2:02 pm

രണ്ടു പതിറ്റാണ്ടുകാലം വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയും മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്ത നടിയാണ് ഷീല.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു തവണ കരസ്ഥമാക്കിയ ഷീല, 1980-ല്‍ ‘സ്‌ഫോടനം’ എന്ന ചിത്രത്തോടെ അഭിനയ രംഗത്തുനിന്ന് താല്‍ക്കാലികമായി ഇടവേളയെടുത്തിരുന്നു.

തുടര്‍ന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്.

ഇപ്പോഴുള്ള ചിലരുടെ സിനിമാ തെരഞ്ഞെടുപ്പിനെക്കുറിച്ചും തിരക്കഥകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷീല. അടുത്തിടെ കണ്ട ഒരു സിനിമയുടെ പശ്ചാത്തലത്തിലാണ് ഷീല സംസാരിക്കുന്നത്.

‘ഞാന്‍ ഈയിടെ ഒരു സിനിമ കാണുകയുണ്ടായി. അതില്‍ ഒരു വലിയ നടി വളരെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. അവരുടെ കഥാപാത്രവും അവര്‍ വരുന്ന രംഗങ്ങളുമെല്ലാം മികച്ചതായിരുന്നു. എന്നാല്‍ ചിത്രം മുഴുവനായി നോക്കുമ്പോള്‍ എന്തൊക്കെയോ രാഷ്ട്രീയവും മറ്റു കാര്യങ്ങളും വാരിവലിച്ച് ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ആ നടനോ നടിയോ സിനിമയുടെ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആ ചിത്രം കുറച്ചുകൂടി നന്നാവുമായിരുന്നു. ഇക്കാലത്ത് അഭിനേതാക്കള്‍ സ്‌ക്രിപ്റ്റില്‍ ഇടപെടുന്നു എന്ന് പറയാറുണ്ട്, എന്നാല്‍ ഇത്തരം സാഹചര്യങ്ങളാണ് അതിന് കാരണം.

ഷീല photo: Facebook.com

പലതും വാരിവലിച്ച് എഴുതിവെക്കുമ്പോള്‍ അഭിനേതാക്കള്‍ അത് അറിയുന്നില്ല. സ്വന്തം ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞ് അവര്‍ പോകും. പിന്നീട് എടുക്കുന്ന സീനുകള്‍ എന്തൊക്കെയാണെന്ന് അവര്‍ അറിയുന്നുമില്ല.

സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം സിനിമകളില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. അവരെപ്പോലുള്ള നടിമാര്‍ക്ക് ധാരാളം അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്, അതിനാല്‍ ഇത്തരം സിനിമകള്‍ ഒഴിവാക്കാന്‍ അവര്‍ മടിക്കരുത്.’ ഷീല പറഞ്ഞു.

ഷീല photo: Imdb

2005-ല്‍ ‘അകലെ’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഷീല നേടുകയുണ്ടായി. 2019-ല്‍ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ഷീലയ്ക്ക് ലഭിച്ചിരുന്നു.

ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരു പെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേമായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ മികച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ തലമുറകളുടെ താരമായി മാറാന്‍ ഷീലയ്ക്ക് സാധിച്ചു.

Content Highlight: She acted well, but if one cannot intervene in the script, they should stay away from such movies says actress Sheela

 

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.