മോദിജീ... കത്തിപോയ ഫയലുകളൊന്നും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല; മോദിക്കെതിരെ രാഹുലിന്റെ ട്വീറ്റ്
D' Election 2019
മോദിജീ... കത്തിപോയ ഫയലുകളൊന്നും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല; മോദിക്കെതിരെ രാഹുലിന്റെ ട്വീറ്റ്
ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 8:04 pm

ന്യൂദല്‍ഹി: ഇന്ന് ദല്‍ഹി ശാസ്ത്രിഭവനിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീപിടിത്തം ഫയലുകള്‍ നശിക്കാന്‍ കാരണമായിട്ടുണ്ടെങ്കിലും അതൊന്നും നിങ്ങളെ സഹായിക്കാന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രിയുടെ വിധിന്യായ ദിവസം വരുന്നുണ്ടെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘മോദിജീ… കത്തിപോയ ഫയലുകളൊന്നും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. നിങ്ങളൂടെ വിധിന്യായ ദിവസം വരുന്നുണ്ട്.’രാഹുല്‍ ഗാന്ധി ട്വി്റ്ററില്‍ കുറിച്ചു.

എന്തിരുന്നാലും സര്‍ക്കാര്‍ ഫയലുകളൊന്നും തീപിടിത്തത്തില്‍ നശിച്ചുപോയിട്ടില്ലെന്നും ഉപയോഗശൂന്യമായ പേപ്പറുകളും പഴയ ഫര്‍ണ്ണിച്ചറുകളും കമ്പ്യൂട്ടറുകളും മാത്രമേ കത്തി നശിച്ചിട്ടുള്ളുവെന്നും ദല്‍ഹി ഫയര്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ദല്‍ഹിയിലെ ശാസ്ത്രി ഭവനിന്റെ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായത്. മാനവവിഭവശേഷി മന്ത്രാലയവും വാര്‍ത്താവിതരണ മന്ത്രാലയവും അടക്കം പ്രവര്‍ത്തിക്കുന്നത് ശാസ്ത്രി ഭവനിലാണ്. ഏഴ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.

മോദി തോറ്റുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം വാടിയിരിക്കുന്നതെന്നും രാഹുല്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോളദ്ദേഹം വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത് മോദിയുടെ അഭിമുഖങ്ങള്‍ കണ്ടാല്‍ ഇക്കാര്യം മനസിലാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. മധ്യപ്രദേശിലെ ജതാരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.