ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഗൗരവതരമായ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയതെന്നും ജനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണം നിലനിര്‍ത്താന്‍ വേണ്ടി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം തേടിയെന്നും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ആരോപിച്ച് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഓരോന്നും കൃത്യമായി കാണിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്.
എല്ലാ പാര്‍ട്ടികളും എല്ലാ വോട്ടര്‍മാരും ഈ പ്രശ്‌നം ഗൗരവത്തില്‍ എടുക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. നമ്മുടെ ജനാധിപത്യം വളരെ വിലപ്പെട്ടതാണെന്നും അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം അശ്രദ്ധയും കഴിവില്ലായ്മയും അട്ടിമറികളും തടയണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ എല്ലാ കാര്യവും ജനങ്ങളെ അറിയിക്കണമെന്നും ശശി തരൂര്‍ പറയുന്നു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
These are serious questions which must be seriously addressed in the interests of all parties & all voters. Our democracy is too precious to allow its credibility to be destroyed by incompetence, carelessness or worse, deliberate tampering. @ECISVEEP must urgently act &… https://t.co/RvKd4mSkae
മോദിയുടെ ഭരണത്തെ പ്രശംസിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ശശി തരൂര്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയിരുന്നു. തരൂരിന്റെ പ്രസ്താവനകള്‍ പലതും കോണ്‍ഗ്രസിന് തലവേദനയാവുകയും ചെയ്ത് വരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്നുള്‍പ്പെടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലും മഹാദേവപുര നിയമസഭാ മണ്ഡലത്തിലും വന്‍ തോതില്‍ വോട്ട് മോഷണം നടന്നതിന് അദ്ദേഹം തെളിവുകള്‍ നിരത്തി.
മണ്ഡലത്തിലെ ആറര ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷം വോട്ടുകള്‍ വ്യാജമായി ചേര്‍ത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Shashi Tharor supports Rahul Gandhi for his allegation against Election Commission