ന്യൂദല്‍ഹി: സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ സ്വീകരിക്കില്ല. തരൂര്‍ നിലവില്‍ ബംഗാളിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ നിന്നും തിരിച്ചതായാണ് വിവരം.
നേരത്തെ സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കാനുള്ള തരൂരിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തരൂര്‍ ബംഗാളിലേക്ക് തിരിച്ചെന്ന വാര്‍ത്തകള്‍ വരുന്നത്.
സംഘപരിവാര്‍ സംഘടനയായ എച്ച്.ആര്‍.ഡി.എസ് ഇന്ത്യയാണ് ശശി തരൂരിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇന്ന് (ബുധന്‍) ദല്‍ഹിയില്‍ നടക്കാനിരുന്ന പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു മുഖ്യാതിഥി.
എന്നാല്‍ ഇങ്ങനെയൊരു പരിപാടിയെ കുറിച്ച് അറിയില്ലെന്നും ഇന്ന് ലിസ്റ്റ് ചെയ്ത പരിപാടികളില്‍ എച്ച്.ആര്‍.ഡി.എസിന്റെ അവാര്‍ഡുദാന ചടങ്ങില്ലെന്നും രാജ്നാഥ് സിങ്ങിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം എച്ച്.ആര്‍.ഡി.എസ് തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന പോസ്റ്ററില്‍ രാജ്നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റര്‍ ഇപ്പോഴും വെബ്‌സൈറ്റിലുണ്ട്.
മുന്‍ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനും എച്ച്.ആര്‍.ഡി.എസിന്റെ അവാര്‍ഡിന് അര്‍ഹനായിരുന്നു. എന്നാല്‍ വി. മുരളീധരനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുതെന്നും തരൂര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കറുടെ പേരില്‍ കോണ്‍ഗ്രസുകാര്‍ അവാര്‍ഡ് സ്വീകരിക്കുന്നത് പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.ആര്‍.ഡി.എസ് സംഘടനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് മാത്രമാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വി.ഡി. സവര്‍ക്കറെ കോടതി വിട്ടയച്ചതെന്നും, അല്ലാതെ ദിലീപിനെ വിട്ടയച്ചത് പോലെയല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Content Highlight: Shashi Tharoor will not accept Savarkar award