വനിതാ സംവരണത്തെ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധിക്കുന്നത് സ്ത്രീകളോടുള്ള ചതി: ശശി തരൂര്‍
India
വനിതാ സംവരണത്തെ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധിക്കുന്നത് സ്ത്രീകളോടുള്ള ചതി: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2026, 1:26 pm

ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത് ഇന്ത്യന്‍ സ്ത്രീകളോടുള്ള ചതിയാണെന്നും അവരുടെ പ്രതീക്ഷകളെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും ശശി തരൂര്‍ എം.പി.

നിലവിലെ പാര്‍ലമെന്ററി കരുത്ത് ഉപയോഗിച്ച് ഇപ്പോള്‍ത്തന്നെ നടപ്പിലാക്കാന്‍ കഴിയുന്ന ബില്ലിനെ, സങ്കീര്‍ണ്ണമായ മണ്ഡല പുനര്‍നിര്‍ണ്ണയ പ്രക്രിയയുമായി കൂട്ടിയിണക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

മണ്ഡല പുനര്‍നിര്‍ണ്ണയം എന്നത് കേവലം ഭൂപടങ്ങള്‍ മാറ്റിവരയ്ക്കലല്ലെന്നും മറിച്ച് രാജ്യത്തെ രാഷ്ട്രീയ അധികാരത്തിന്റെ വലിയൊരു മാറ്റമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തിന്റെ സമയത്ത് സര്‍ക്കാര്‍ കാണിച്ച അതേ തിടുക്കം മണ്ഡല പുനര്‍നിര്‍ണ്ണയത്തിലും കാണിക്കുന്നത് അപകടകരമാണെന്നും
ഇത് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് വലിയൊരു ജനസംഖ്യാപരമായ വൈവിധ്യമുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് പ്രധാന പ്രശ്‌നങ്ങളുണ്ട്: ഒന്ന്, ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ്.

രണ്ട്, തമിഴ്നാടും കേരളവും പോലെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായുള്ള ദേശീയ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുകയും വികസനത്തിനായി നിക്ഷേപിക്കുകയും ചെയ്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും, അതില്‍ പരാജയപ്പെട്ട പ്രധാനമായും ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ്. ഭാവിയില്‍ ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ സ്വാധീനം നല്‍കുന്ന രീതിയിലാകും മണ്ഡല പുനര്‍നിര്‍ണ്ണയം വരുന്നത്. അതുകൊണ്ട് തന്നെ ഭരണപരമായ മികവ് രാഷ്ട്രീയമായ അപ്രസക്തിയിലേക്ക് നയിക്കുന്നു എന്ന സന്ദേശമാണോ നമ്മള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കേണ്ടിവരും.

മൂന്നാമത്തെ കാര്യം സാമ്പത്തികമായി രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഫണ്ടുകളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥതയാണ്.

ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും.

ഇത് ജനസംഖ്യാപരമായ ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന് വഴിതെളിക്കുമെന്ന ആശങ്കയുണ്ട്. അവിടെ കുറച്ച് വലിയ ദരിദ്ര സംസ്ഥാനങ്ങള്‍ക്ക് രാജ്യത്തിന്റെ മൊത്തം വിധി നിശ്ചയിക്കാന്‍ സാധിക്കും. ഇത് ചെറിയ സംസ്ഥാനങ്ങളെയും തനതായ ഭാഷാ-സാംസ്‌കാരിക സ്വത്വങ്ങളുള്ള സംസ്ഥാനങ്ങളെയും അവരുടെ സ്വന്തം രാജ്യത്ത് കാഴ്ചക്കാരാക്കി മാറ്റും.

നോട്ട് നിരോധനത്തില്‍ കാണിച്ച അതേ തിടുക്കമാണ് നിങ്ങള്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിലും ഇപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത് രാജ്യത്തിന് വരുത്തിയ ആഘാതം നമുക്കറിയാം. മണ്ഡല പുനര്‍നിര്‍ണ്ണയം എന്നത് ഒരു ‘രാഷ്ട്രീയ നോട്ട് നിരോധനം’ ആയി മാറും.

അത് നമ്മള്‍ ഒരിക്കലും ചെയ്യരുത്. സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റുകളുടെ എണ്ണം കുറയില്ലെന്നും മൊത്തം സീറ്റുകള്‍ 50% വര്‍ദ്ധിപ്പിക്കുമെന്നും ഉള്ള വാഗ്ദാനം കേവലം ഒരു രാഷ്ട്രീയ ഉറപ്പ് മാത്രമാണ്, അതൊരു നിയമപരമായ ഉറപ്പല്ല.

മാത്രമല്ല സര്‍ക്കാരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്റെ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഭരണഘടനാപരമായോ നിയമപരമായോ ഉറപ്പിക്കാത്ത പക്ഷം, കേവലം ഒരു ഭൂരിപക്ഷം ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്.

കൂടാതെ, ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയര്‍ത്തുന്നത് ലോകത്തിലെ ഏതൊരു ജനാധിപത്യ രാജ്യത്തെക്കാളും വലിയ സഭയായി ഇതിനെ മാറ്റും. ഇത് സഭയുടെ പ്രവര്‍ത്തനം ദുഷ്‌കരമാക്കും.

പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ദൈര്‍ഘ്യം സര്‍ക്കാര്‍ കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതൊരു പ്രശ്‌നമാണ്. ആദ്യ കാലങ്ങളില്‍ ശരാശരി 125 ദിവസം വരെ സമ്മേളിച്ചിരുന്ന സഭ ഇപ്പോള്‍ 60 ദിവസത്തില്‍ താഴെ മാത്രമാണ് ചേരുന്നത്.

850 അംഗങ്ങളുള്ള സഭയില്‍ ഭൂരിഭാഗം എം.പിമാര്‍ക്കും സംസാരിക്കാന്‍ സമയം ലഭിക്കണമെങ്കില്‍ ചോദ്യോത്തര വേളയുടെയും ശൂന്യവേളയുടെയും സമയം ഇരട്ടിയാക്കേണ്ടി വരും. അല്ലെങ്കില്‍ ഭൂരിഭാഗം ജനപ്രതിനിധികളുടെയും ശബ്ദം അടിച്ചമര്‍ത്തപ്പെടും.

മറ്റൊരു പ്രശ്‌നം ലോക്‌സഭയുടെ അംഗസംഖ്യ കൂട്ടുമ്പോള്‍ രാജ്യസഭയുടെ കാര്യത്തില്‍ അത്തരമൊരു നിര്‍ദ്ദേശം ഇല്ല എന്നതാണ്. ഇത് ഇരുസഭകളും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും.

ജോയിന്റ് സിറ്റിങ് ഉണ്ടായാല്‍ ലോക്‌സഭ വോട്ടിങ്ങിന് പൂര്‍ണമായി മേല്‍ക്കൈ ലഭിക്കും. ഇത് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളെയും ബാധിക്കും. ഇതൊന്നും ഒരു കാല്‍ക്കുലേറ്റര്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല. ഇതിന് ചരിത്രപരമായ ഒരു ഒത്തുതീര്‍പ്പ് ആവശ്യമാണ്.

അമേരിക്കന്‍ ഭരണഘടനാ ശില്പികള്‍ വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ‘കണക്റ്റിക്കട്ട് ഒത്തുതീര്‍പ്പ്’ കൊണ്ടുവന്നു. ജനസംഖ്യാനുപാതത്തില്‍ ലോക്‌സഭയും ഓരോ സംസ്ഥാനത്തിനും തുല്യ പ്രാതിനിധ്യമുള്ള സെനറ്റും അവര്‍ രൂപീകരിച്ചു.

യു.പി പോലെയുള്ള വലിയ സംസ്ഥാനത്തിനും ഗോവ പോലെയുള്ള ചെറിയ സംസ്ഥാനത്തിനും സെനറ്റില്‍ ഒരേ എണ്ണം സീറ്റുകള്‍ എന്നതാണ് ആ രീതി.

യൂറോപ്യന്‍ പാര്‍ലമെന്റും മറ്റൊരു മാതൃകയാണ്. അവിടെ ചെറിയ രാജ്യങ്ങള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന രീതിയുണ്ട്.

ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം’ എന്ന തത്വം ‘ഒരു സംസ്ഥാനം, ഒരു തുല്യ പങ്കാളി, ഒരു മൂല്യം’ എന്ന തത്വവുമായി സന്തുലിതമാക്കണം.

ഏതാനും വലിയ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ മേല്‍ക്കോയ്മ തടയുന്നതിനൊപ്പം ജനസംഖ്യാപരമായ യാഥാര്‍ത്ഥ്യങ്ങളെ ബഹുമാനിക്കുന്ന ഒരു മാതൃകയിലൂടെ മാത്രമേ സഹകരണാത്മക ഫെഡറലിസം സംരക്ഷിക്കാന്‍ കഴിയൂ. ഇന്ത്യയുടെ വൈവിധ്യവും ഐക്യവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് ആവശ്യമാണ്,’ ശശി തരൂര്‍ പറഞ്ഞു.

Content Highlight: Shashi Tharoor stated that linking the Women’s Reservation Bill with delimitation is equivalent to Indian women hostage