മോദി നല്ല പ്രാസംഗികന്‍, ഇത്ര ഭംഗിയായി ഹിന്ദി പറയുന്ന ആരെയും കാണില്ല, പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തോല്‍വി: ശശി തരൂര്‍
national news
മോദി നല്ല പ്രാസംഗികന്‍, ഇത്ര ഭംഗിയായി ഹിന്ദി പറയുന്ന ആരെയും കാണില്ല, പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തോല്‍വി: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 1:34 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനാണെന്ന് ശശി തരൂര്‍ എം.പി. അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്ര ഭംഗിയായി ഹിന്ദി സംസാരിക്കുന്ന ഒരാളെയും അടുത്തകാലത്തൊന്നും ഇന്ത്യയില്‍ കണ്ടിട്ടുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു.

മോദി ഒരു നല്ല പ്രാസംഗികനാണ്. അദ്ദേഹത്തെ പോലെ ഭംഗിയായി ഹിന്ദി പറയുന്ന ഒരാളെ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ കണ്ടുകാണില്ല.

നല്ല പ്രാസംഗികനാണെന്നത് ശരിയാണ്. പക്ഷേ കാര്യങ്ങള്‍ നടത്തിയെടുക്കുന്നതില്‍ ആ ഭംഗി ഇല്ലെങ്കില്‍ പ്രസംഗം കൊണ്ട് കാര്യമില്ല. വളരെ ഭംഗിയായി അദ്ദേഹം വിഷയങ്ങള്‍ അവതരിപ്പിക്കും. പ്രശ്‌നങ്ങളെ മനസിലാക്കും. അവയെ കുറിച്ച് ചര്‍ച്ച നടത്തും. ചര്‍ച്ചയെക്കുറിച്ച് സംസാരിക്കും.

പക്ഷേ അതിന് വേണ്ട പ്രതിവിധികളൊന്നും നടത്തില്ല. പിന്നെ പ്രസംഗിച്ചത് കൊണ്ട് എന്താണ് കാര്യം! കാര്യത്തോടടുക്കുമ്പോള്‍ അതൊരു ദുരന്തമാണ്. നോട്ട് നിരോധനം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്,’ ശശി തരൂര്‍ പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. രാഹുല്‍ ഗാന്ധി വ്യക്തിത്വമുള്ള മനുഷ്യനാണെന്നാണ് തരൂര്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ പ്രാക്ടിക്കലായി ചിന്തിക്കുന്നതില്‍ അദ്ദേഹം പിറകിലാണെന്നും തരൂര്‍ പറഞ്ഞു. വാക്കില്‍ മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 17നായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

പോരാട്ടം ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുത്തു. ഇതിന് പിന്നാല മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ദിഗ് വിജയ് സിങ്ങും, മനീഷ് തിവാരിയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഖാര്‍ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഖാര്‍ഗെയുടെ പത്രികയില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

Content Highlight: Shashi tharoor praises modi says he is a good orator but a disaster when it comes to implementing things